ബെംഗളൂരു : ഏതെങ്കിലും പ്രതിക്കെതിരേ വക്കാലത്ത് ഏറ്റെടുക്കേണ്ടെന്ന് തീരുമാനിക്കുന്ന ബാർ അസോസിയേഷന്റെ പേരിൽ ബാർ കൗൺസിൽ നടപടിയെടുക്കണമെന്ന് കർണാടക ഹൈക്കോടതി. മൈസൂരു ബാർ അസോസിയേഷനെതിരേ അഡ്വ. എൽ. രമേഷ് നായക് നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, സൂരജ് ഗോവിന്ദരാജ് എന്നിവരടങ്ങിയ ബഞ്ച് ഇക്കാര്യം പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ മൈസൂരു യൂണിവേഴ്‌സിറ്റിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ ഫ്രീ കശ്മീർ പോസ്റ്റർ ഉയർത്തിയ പൂർവ വിദ്യാർഥിനി നളിനി ബാലകുമാറിനുവേണ്ടി ഹാജരാകില്ലെന്ന് മൈസൂരു ബാർ അസോസിയേഷനിലെ ഒരു വിഭാഗം അഭിഭാഷകർ തീരുമാനമെടുത്തതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. നളിനിയുടെ പേരിൽ മൈസൂരു പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

നളിനിക്കുവേണ്ടി ഹാജരാകില്ലെന്ന് അസോസിയേഷൻ എടുത്ത തീരുമാനം അസോസിയിയേഷന്റെ നോട്ടീസ് ബോർഡിൽ പതിച്ചിരുന്നു. എന്നാൽ ഈ നോട്ടീസ് തങ്ങളറിയാതെ ആരോ പതിച്ചതാണെന്നും അസോസിയേഷൻ ഇങ്ങനെ തീരുമാനം പാസാക്കിയിട്ടില്ലെന്നും അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിവരമറിഞ്ഞപ്പോൾ അത് നോട്ടീസ് ബോർഡിൽനിന്ന് മാറ്റിയെന്നും അറിയിച്ചു. നൂറോളം അഭിഭാഷകർ നളിനിക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറായെന്നും അവർക്ക് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചെന്നും അറിയിച്ചു.

പ്രതിക്കുവേണ്ടി ഹാജരായതിനെ അഭിനന്ദിച്ച കോടതി ഈ വിഷയത്തിൽ മുമ്പ് ഒരു കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ശ്രദ്ധയിൽപ്പെടുത്തി.

പ്രതി ഒരു ഭീകരനോ പീഡകനോ കൂട്ടക്കൊല നടത്തിയയാളോ ആയാലും അയാൾക്കുവേണ്ടി ഹാജരാകില്ലെന്ന് ബാർ അസോയിഷൻ തീരുമാനിച്ചാൽ അത് ഭരണഘടനയ്ക്കും അഭിഭാഷകരുടെ തൊഴിൽ ധർമത്തിനും എതിരാണെന്ന വിധിയാണ് കോടതി ചൂണ്ടിക്കാട്ടിയത്. എ.എസ്. മുഹമ്മദ്‌റാഫിയും തമിഴ്‌നാട് സർക്കാരും കക്ഷികളായ കേസിലായിരുന്നു ഈ വിധി.

എല്ലാ ബാർ അസോസിയേഷനുകൾക്കും അതിന്റെ അംഗങ്ങൾക്കും ഇത് ബാധകമാണ്. ഈ നിയമത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ബാർ അസോസിയേഷനെതിരേ കർണാടക ബാർ കൗൺസിൽ നടപടിയെടുക്കേണ്ടതാണെന്ന് കേസ് തീർപ്പാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി.