ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യത്തിനായി വേണമെങ്കിൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കർണാടക ഹൈക്കോടതി. അല്ലെങ്കിൽ മധ്യവേനലവധി കഴിഞ്ഞേ ജാമ്യാപേക്ഷ പരിഗണിക്കാനാവൂ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഈ മാസം 26 മുതൽ മേയ് 24 വരെ കോടതി മധ്യവേനലവധിക്കായി അടച്ചിടുന്നതിനാലാണ് അവധിക്കാല ബെഞ്ചിനെ സമീപിക്കാൻ നിർദേശിച്ചത്. 28-ന് അവധിക്കാല ബെഞ്ച് ആരംഭിക്കും.

വ്യാഴാഴ്ച വൈകീട്ട് ഹർജി പരിഗണിച്ചപ്പോൾ തനിക്ക് രണ്ടുമണിക്കൂർ വാദിക്കാൻ വേണമെന്ന് ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് രാജു ഹൈക്കോടതിയോട് പറഞ്ഞു. എന്നാൽ, സമയം കഴിഞ്ഞുപോകുമെന്നതിനാൽ അനുവദിച്ചില്ല.

ബിനീഷ് ആറുമാസമായി ജയിലിൽ ആണെന്ന് ബിനീഷിനുവേണ്ടി ഹാജരായ അഡ്വ. കൃഷ്ണൻ വേണുഗോപാൽ ഹൈക്കോടതിയെ ഓർമിപ്പിച്ചു. നേരത്തേ രണ്ടുതവണ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബർ 11-നു ശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.