ബെംഗളൂരു : രോഗികളുടെ എണ്ണം കുത്തനെ വർധിക്കുന്നതിനാൽ നഗരത്തിലെ ആശുപത്രികളിലെ 80 ശതമാനം കിടക്കകളും കോവിഡ് രോഗികൾക്ക് മാറ്റിവെക്കണമെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ. നേരത്തേ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഈ കിടക്കകൾ അപര്യാപ്തമായ സാഹചര്യത്തിലാണ് പുതിയ നിർദേശം. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെ ഡിസ്ചാർജ്ജ് ചെയ്യാനും നിർദേശമുണ്ട്.

80 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് മാറ്റിവെക്കുമ്പോൾ 7500 കിടക്കകളെങ്കിലും ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. മെഡിക്കൽ കോളേജുകൾക്കും നിർദേശം ബാധകമാണ്. നിർദേശം ലംഘിക്കുന്ന ആശുപത്രികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അതേസമയം 30-ൽ കുറവ് കിടക്കകളുള്ള ആശുപത്രികൾ കോവിഡ് രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ല. ഓക്‌സിജൻ സൗകര്യം ഇത്തരം ആശുപത്രികളിൽ ലഭിക്കാനുള്ള സാധ്യതയില്ലാത്തത് പരിഗണിച്ചാണിത്. നിലവിൽ രോഗലക്ഷണങ്ങൾ പ്രകടമായ കോവിഡ് രോഗികളെയാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. മറ്റുള്ളവരെ വീടുകളിൽ ഐസോലേഷനിൽ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് കെയർ സെന്ററുകൾ തുറക്കാനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്. ഹോട്ടലുകളും ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഇതിനായി ഏറ്റെടുക്കാനാണ് പദ്ധതി. അതത് പ്രദേശങ്ങളിലെ വാർഡ് കമ്മിറ്റികൾക്കാണ് ഇതിനുള്ള ചുമതല.

നിലവിൽ വീടുകളിൽ ഐസോലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം സജ്ജീകരിക്കാനും ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കിവരികയാണ്. കഴിഞ്ഞവർഷം വീടുകളിൽ കഴിയുന്നവരെ ആരോഗ്യവകുപ്പ് നിയോഗിക്കുന്ന വൊളന്റിയർമാർ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി തിരക്കുന്ന സംവിധാനമൊരുക്കിയിരുന്നു. സന്നദ്ധ സംഘടനകളെക്കൂടി ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് സംവിധാനം കൂടുതൽ വിപുലമാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.