ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സുഖം പ്രാപിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച ആശുപത്രി വിട്ടു. ആറു ദിവസമായി ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലായപ്പോൾ തനിക്കുതന്ന പിന്തുണയ്ക്കും ആശംസകൾക്കും യെദ്യൂരപ്പ ട്വിറ്റർ സന്ദേശത്തിലൂടെ നന്ദി അറിയിച്ചു. ആശുപത്രിയിൽനിന്ന് മടങ്ങിയ അദ്ദേഹം വൈകീട്ട് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ മന്ത്രിസഭായോഗം വിളിച്ചു ചേർക്കുകയും ചെയ്തു.

ഏപ്രിൽ 16-നാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 78-കാരനായ അദ്ദേഹത്തിന് ഇത് രണ്ടാംതവണയാണ് കോവിഡ് ബാധിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്ദേഹത്തിന് ആദ്യം കോവിഡ് ബാധിച്ചത്. ഇത്തവണ, കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു രോഗം ബാധിച്ചത്. മാർച്ച് 12-നാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന ബെലഗാവി, ബസവകല്യാൺ, മസ്‌കി മണ്ഡലങ്ങളിൽ ബി.ജെ.പി. സ്ഥാനാർഥികൾക്കുവേണ്ടി നടത്തിയ പ്രചാരണത്തിന്റെ അവസാനനാളിലായിരുന്നു യെദ്യൂരപ്പയ്ക്ക് രോഗലക്ഷണം കണ്ടത്. ചെറിയ പനിബാധിച്ച അദ്ദേഹത്തെ പിറ്റേന്ന് പരിശോധനയ്ക്ക് വിധേയനാക്കുകയും കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുകയും ചെയ്തു. തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിൽ കഴിയുമ്പോഴും അദ്ദേഹം സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സക്രിയമായിരുന്നു. ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ വീഡിയോ കോൺഫറൻസ് വഴി സംബന്ധിച്ചു. പിന്നീട് കോവിഡ് സാങ്കേതിക സമിതി വിദഗ്ധരുമായി ചർച്ച നടത്തി. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെയും പ്രതിരോധ നടപടികളുടെയും സ്ഥിതിഗതികൾ വിലയിരുത്താൻ ബുധനാഴ്ച വൈകീട്ട് പ്രധാന ആശുപത്രികളുടെ മേലധികാരികളുമായും മെഡിക്കൽ ഓഫീസർമാരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.