ബെംഗളൂരു : വായക്കുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തിയയാൾ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ 42-കാരനാണ് ബെംഗളൂരു കസ്റ്റംസ് വിഭാഗത്തിന്റെ എയർ ഇന്റലിജന്റ്‌സ് യൂണിറ്റ് പിടികൂടിയത്. 100 ഗ്രാം വീതമുള്ള രണ്ട് സ്വർണക്കഷണങ്ങൾ ഇയാളുടെ വായക്കുള്ളിൽ നിന്നും കണ്ടെടുത്തു. 4.9 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കൊണ്ടുവന്നത്. പിന്നീട് ഇയാൾ വന്ന ഇൻഡിഗോ വിമാനത്തിൽ നടത്തിയ പരിശോധനയിൽ 49.6 ലക്ഷം രൂപ വിലവരുന്ന 15 സ്വർണക്കഷണങ്ങൾ വേറെയും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ദുബായിൽനിന്ന്‌ വന്ന യാത്രക്കാരനാണിത്. പരിശോധന നടത്തുമ്പോൾ ഇയാൾക്ക് സംസാരിക്കാൻ വിഷമം നേരിടുന്നതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വായക്കകത്ത് പരിശോധിക്കുകയും സ്വർണം പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്നാണ്

വിമാനത്തിൽ പരിശോധന നടത്തിയത്. വിമാനത്തിൽനിന്ന്‌ കണ്ടെടുത്ത സ്വർണം

ഇയാൾ കടത്തിക്കൊണ്ടുവന്നതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഒരു കിലോ സ്വർണമാണ് വിമാനത്തിൽ ഒളിപ്പിച്ചുവച്ചിരുന്നത്. ഈ മാസം 14-ന് ചെന്നൈയിൽനിന്ന്‌ ദൂബായിക്ക് പോയതാണെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.