ബെംഗളൂരു : കേരളത്തിലെ സിൽവർ ലൈൻ പദ്ധതിക്ക് അപകട സുരക്ഷാസാങ്കേതിക സംവിധാനമൊരുക്കുന്നത് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി.). ഇതിനായി കേരള റെയിലുമായി ഐ.ഐ.എസ്.സി. കരാറിൽ ഒപ്പുവെച്ചു. ഐ.ഐ.എസ്.സി.യിലെ സൊസൈറ്റി ഫോർ ഇന്നവേഷൻ ആൻഡ് ഡെവലപ്പ്‌മെന്റ് (എസ്.ഐ.ഡി.) സ്റ്റാർട്ടപ്പായ ‘എൽ 2 എം റെയിൽ’ ആണ് സുരക്ഷാസംവിധാനമൊരുക്കുന്നത്.

കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള സിൽവർലൈൻ പദ്ധതിയിലെ റെയിൽവേ ഘടനകളും അടിസ്ഥാനസൗകര്യങ്ങളും സംവിധാനം നിരീക്ഷിക്കും. ഫൈബർ ബ്രാഗ് ഗ്രേറ്റിങ് (എഫ്.ബി.ജി.) എന്ന സെൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംവിധാനം. സാധാരണഗതിയിൽ അപകടങ്ങൾ സംഭവിക്കുമ്പോഴാണ് ഘടനാപരമായ പ്രശ്നങ്ങൾ തിരിച്ചറിയുന്നത്.

എന്നാൽ, വലിയതോതിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന സംവിധാനമാണൊരുക്കുന്നതെന്ന് എൽ 2 എം റെയിൽ സഹസ്ഥാപകനും ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് സിഗ്നൽ എൻജിനിയേഴ്‌സ് (ഐ.ആർ.എസ്.എസ്.ഇ.) മുൻ അംഗവുമായ ശ്രീനിവാസ റാവു പറഞ്ഞു. വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങൾ, മണ്ണിടിച്ചിലുള്ള സ്ഥലങ്ങൾ, കനത്തമഴ ലഭിക്കുന്ന മേഖലകൾ, മണ്ണ് ദുർബലമായ മേഖലകൾ തുടങ്ങിയവയെക്കുറിച്ച് യഥാസമയ വിവരം കൈമാറാനും സാങ്കേതികവിദ്യക്ക് കഴിയും.

കേരള റെയിൽ എം.ഡി. വി. അജിത് കുമാറും ഐ.ഐ.എസ്.സി. രജിസ്ട്രാർ ക്യാപ്റ്റൻ സുധീർ വാരിയറും തമ്മിലാണ് കരാറിലേർപ്പെട്ടത്. ഐ.ഐ.എസ്.സി. ഡയറക്ടർ പ്രൊഫ. ഗോവിന്ദൻ രംഗരാജൻ, പ്രൊഫ. ബി. ഗുരുമൂർത്തി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.