ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് മൂവായിരം സ്ഥലങ്ങളിൽ 7000 ക്യാമറകൾ സ്ഥാപിക്കും. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള ബെംഗളൂരു സുരക്ഷ നഗരപദ്ധതിയുടെ ഭാഗമായാണിത്.

ക്യാമറകൾ സ്ഥാപിക്കുന്ന സ്ഥലങ്ങളെ യോജിപ്പിക്കുന്ന കമാൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കും. ക്യാമറകളിൽ പതിയുന്നവരുടെ മുഖം തിരിച്ചറിയാൻ സഹായിക്കുന്ന ആധുനിക രീതിയിലുള്ള വീഡിയോ അപഗ്രഥന സാങ്കേതിക സംവിധാനം ഇതിലുണ്ടാകും. ഡ്രോണുകളും ഉപയോഗിക്കും. പ്രവൃത്തികൾ നവംബറിൽ തുടങ്ങും. ക്യാമറകളുടെ നിരീക്ഷണം ആറുമാസത്തിനുള്ളിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 3,500 ക്യാമറകളാണ് സജ്ജമാകുക. രണ്ടുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ കമൽ പന്ത് പറഞ്ഞു. ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ എന്ന എന്ന സ്ഥാപനമാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ക്യാമറകളുടെ അഞ്ചു വർഷത്തെ പരിപാലനവും ഇവർ നടത്തും.

കേന്ദ്രസർക്കാരിന്റെ നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 496 കോടി രൂപയുടെ പദ്ധതിയാണിത്. ബെംഗളൂരു ഉൾപ്പെടെ രാജ്യത്തെ എട്ട് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.