ബെംഗളൂരു : കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽസെക്രട്ടറി രൺദീപ് സിങ് സുർജേവാല പത്തുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച സംസ്ഥാനത്തെത്തും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിസ്ഥാനാർഥിയെച്ചൊല്ലി കോൺഗ്രസ് സംസ്ഥാനഘടകത്തിലുണ്ടായ ചേരിതിരിവിന്റെയും ഇതിനെതിരേയുണ്ടായ ഹൈക്കമാൻഡ് ഇടപെടലിന്റെയും പിന്നാലെയാണ് സുർജേവാല എത്തുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ജില്ലാ, താലൂക്ക് പഞ്ചായത്തുകളിലേക്കും അർബൻ തദ്ദേശസ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പുവരുന്നതിന്റെ മുന്നോടിയായി താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് സുർജേവാലയുടെ ദൗത്യം. 22-ന് വൈകീട്ട് ബെംഗളൂരുവിലെത്തുന്ന അദ്ദേഹം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മംഗളൂരു, തുമകൂരു തുടങ്ങിയ ജില്ലകളിലും സന്ദർശനം നടത്തും.