ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി. മന്ത്രിസഭയുടെ രണ്ടാം വാർഷികദിനമായ 26-ന് നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ടി നിയമസഭാകക്ഷിയോഗം റദ്ദാക്കി.

കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷം ബെംഗളൂരുവിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പ വിളിച്ച യോഗമാണ് റദ്ദാക്കിയത്. കാരണം വ്യക്തമാക്കിയിട്ടില്ല.

യെദ്യൂരപ്പ രാജിവെക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയായിരുന്നു യോഗം വിളിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് യോഗം റദ്ദാക്കിയതെന്നാണ് വിവരം. പകരം പാർട്ടി എം.എൽഎ.മാർക്കും എം.എൽ.സി.മാർക്കും 25-ന് യെദ്യൂരപ്പ ഹോട്ടലിൽ അത്താഴവിരുന്ന് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ബുധനാഴ്ച വൈകീട്ടോടെ ഇതിനുള്ള നീക്കം ഉപേക്ഷിച്ചു.

യെദ്യൂരപ്പയെ അനുകൂലിക്കുന്ന എം.എൽ.എ.മാരുടെ പിന്തുണ തെളിയിച്ച് പാർട്ടിനേതൃത്വത്തിനുമുമ്പിൽ ശക്തികാണിക്കാനാണ് നിയമസഭാകക്ഷിയോഗം വിളിച്ചതെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇതൊഴിവാക്കാൻ നേതൃത്വം ഇടപെട്ടതാകുമെന്നാണ് കരുതുന്നത്.

മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ മാറാൻ, ബി.വൈ. രാഘവേന്ദ്ര എം.പി.ക്കും പാർട്ടി സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയ്ക്കും മികച്ച സ്ഥാനം നൽകണമെന്ന ഉപാധി യെദ്യൂരപ്പ നേതൃത്വത്തിനുമുമ്പിൽ വെച്ചിട്ടുണ്ട്. ഇത് നേടിയെടുക്കുന്നതിനാണ് അദ്ദേഹം എം.എൽ.എ.മാരുടെയും സാമുദായികനേതാക്കളുടെയും പിന്തുണ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതെന്നാണ് വിവരം. നേതൃമാറ്റം ഉടൻ നടത്താനാണ് ഉന്നതനേതൃത്വത്തിന്റെ നീക്കമെന്നും വിവരമുണ്ട്.

നേതൃമാറ്റം അഭ്യൂഹം മാത്രമെന്ന് സദാനന്ദഗൗഡ

ബെംഗളൂരു : കർണാടകത്തിൽ മന്ത്രിസഭാ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹംതള്ളി മുൻ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ. ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനത്തിൽ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് തികഞ്ഞ മതിപ്പാണുള്ളതെന്നും നേതൃമാറ്റത്തിന്റെ ഒരു സാധ്യതയും താൻ കാണുന്നില്ലെന്നും എം.പി.യും ബി.ജെ.പി.യുടെ മുൻ മുഖ്യമന്ത്രിയുമായ അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളിലും വികസന കാര്യത്തിലും പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാനത്തെ അഭിനന്ദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ച യെദ്യൂരപ്പയെ മാറ്റാൻ ഇതുവരെ തീരുമാനമെടുത്തതായി തനിക്ക് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അഭ്യൂഹത്തെ ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയും തള്ളി. യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബൊമ്മൈ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺസിങ്ങും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.