ബെംഗളൂരു

: അപകടത്തിൽ അറ്റുപോയ വലതുകാൽപ്പാദം തുന്നിച്ചേർക്കപ്പെട്ട തൃശ്ശൂർ സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ഇപ്പോൾ ഒരു സ്വപ്‌ന യാത്രാ വഴികളിലാണ്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഏതുപ്രതിസന്ധിയും തരണം ചെയ്യാനാകുമെന്ന് തെളിയിക്കുകയാണ് വടക്കാഞ്ചേരി പാർളിക്കാട് പത്താംകല്ല് തെക്കെപുറത്തു വളപ്പിൽ മുഹമ്മദ് അഷ്‌റഫ് എന്ന 35-കാരൻ. തൃശ്ശൂരിൽനിന്ന് സൈക്കിളിൽ രാജ്യം ചുറ്റാനിറങ്ങിയ അഷ്‌റഫ് ബെംഗളൂരുവിലെത്തി. നാലുദിവസം കൊണ്ടാണ് ഇവിടെയെത്തിയത്.

2017-ലുണ്ടായ അപകടത്തിലാണ് കാൽപ്പാദം അറ്റുപോയത്. ശസ്ത്രക്രിയ ചെയ്‌തെങ്കിലും ചലനശേഷി വീണ്ടെടുക്കാനായില്ല. നടക്കാനും സാധിക്കില്ല. ഇതിനിടെ രണ്ടുതവണ കോവിഡും പിടികൂടി. ഇതിനെയെല്ലാം അതിജീവിച്ചാണ് തന്റെ സ്വപ്നയാത്രയ്ക്ക് ഇറങ്ങിയത്. ചലനശേഷി നഷ്ടപ്പെട്ട കാൽപ്പാദവുമായി സൈക്കിൾ ചവിട്ടുന്നത് ബുദ്ധിമുട്ടാണ്. നാലായിരത്തോളം കിലോമീറ്റർ സൈക്കിൾ ചവിട്ടുന്നത് സാഹസമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അഷ്‌റഫ് ഈ ശ്രമത്തിനിറങ്ങിയത്.

വ്യാഴാഴ്ച രാവിലെ ഹൈദരാബാദ് ഭാഗത്തേക്ക് പോകും. ലഡാക്കിലെ ഖർദുങ് ലാ ടോപ്പ് കീഴടക്കുകയാണ് പ്രധാന ലക്ഷ്യം. തുടർന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സൈക്കിൾ ചവിട്ടും. അതിർത്തി തുറന്നിട്ടുണ്ടെങ്കിൽ നേപ്പാളിലും പോകാൻ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച തൃശ്ശൂരിൽനിന്നാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. യാത്ര തുടങ്ങി രണ്ടുദിവസമായപ്പോൾ വലതുകാൽപ്പാദത്തിലിടുന്ന പ്രത്യേക ചെരിപ്പിന് ചെറിയ തകരാർ ഉണ്ടായി. ബെംഗളൂരുവിലെ ആശുപത്രിയിൽ കാണിച്ച് ചെരിപ്പ് മാറാൻ ശ്രമിച്ചെങ്കിലും കുറച്ചു ദിവസത്തെ താമസമെടുക്കുമെന്ന് അവർ അറിയിച്ചു. ഡൽഹിയിലെത്തുമ്പോഴേക്കും ചെരിപ്പ് ലഭ്യമാക്കാമെന്ന് ആശുപത്രി അറിയിച്ചതിനാൽ നിലവിലുള്ള ചെരിപ്പുമായിത്തന്നെ ഡൽഹി വരെ പോകാനാണ് ശ്രമം.

നേരത്തേ ഇടുക്കി, മൂന്നാർ, വയനാട്, ഊട്ടി തുടങ്ങിയ ഹിൽസ്റ്റേഷനുകളിൽ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടിയിട്ടുണ്ട്. ഇടത്തുകാലിനുമാത്രം ബലംകൊടുത്താണ് സൈക്കിൾ ചവിട്ടുന്നത്. ഒന്നരവയസ്സ് മുതൽ അപകടങ്ങൾ അഷ്‌റഫിന്റെ കൂടെത്തന്നെയുണ്ട്. ഇവയെയെല്ലാ തോൽപ്പിച്ചാണ് സ്വപ്നയാത്രയ്ക്കിറങ്ങിയിരിക്കുന്നത്.