ബെംഗളൂരു : ഇന്ത്യ ദിവസേന ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്നതിനാൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് പെഗാസസ് ഫോൺ ചോർത്തൽ വിവാദമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇന്ത്യക്കെതിരേ ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ നൽകുന്ന കാമ്പയിൻ വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ നടത്തുന്നുണ്ട്. ഡിജിറ്റൽ പ്ലാറ്റ് ഫോം ഉപയോഗിച്ച് വിവിധ രാജ്യങ്ങളെ അസ്ഥിരമാക്കാനാണ് അവർ ശ്രമിക്കുന്നത്. മുമ്പ് സ്വിസ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പല പേരുകളും ഉയർന്നുവന്ന കാര്യവും ബസവരാജ് ബൊമ്മൈ പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനെ താഴെയിറക്കിയ ‘ഓപ്പറേഷൻ താമര’യുടെ സമയത്ത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും ജെ.ഡി.എസ്. നേതാക്കളുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും ഫോണുകൾ ചോർത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.