ബെംഗളൂരു : നിരന്തര ആവശ്യം പരിഗണിച്ച് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 11 ശതമാനമായി വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 28 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ സമാനമായ നടപടികളുമായി മുന്നോട്ടുപോകാനൊരുങ്ങുന്നത്. ഔദ്യേഗിക ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്നാണ് സൂചന.

ആറുലക്ഷം ജീവനക്കാർക്കും 4.5 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ശരാശരി 5000 മുതൽ 6000 രൂപവരെ ശമ്പളത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഇത് സർക്കാരിന് 6,824 കോടിരൂപയുടെ അധിക ബാധ്യതയുണ്ടാക്കും. 2019 ഒക്ടോബറിൽ ക്ഷാമബത്ത 4.7 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനമുണ്ടായതോടെ വർധന തത്‌കാലം മരവിപ്പിച്ചുനിർത്തുകയായിരുന്നു.

ക്ഷാമബത്ത വർധിപ്പിക്കുന്നതിനെതിരേ വിവിധ കോണുകളിൽനിന്നും വിമർശനങ്ങളുയരുന്നുണ്ട്. സർക്കാർ കനത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ തുക കണ്ടെത്തേണ്ടിവരുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് വിമർശനം. മൂന്നാം കോവിഡ് തരംഗ സാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ തുക ആരോഗ്യമേഖലയ്ക്ക് മാറ്റിവെക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

കേന്ദ്ര ജീവനക്കാർക്ക് തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തങ്ങൾക്കും ലഭ്യമാക്കണമെന്ന ആവശ്യവും ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചുവരികയാണ്. നിലവിൽ ഒരേ ഗ്രേഡിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടേ ശമ്പളം തമ്മിൽ 10,000 രൂപമുതൽ 40,000 രൂപവരെ വ്യത്യാസമുണ്ടെന്നാണ് കർണാടക ഗവ. എംപ്ലോയീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. വ്യത്യാസം പഠിക്കാൻ അസോസിയേഷൻ പ്രത്യേക സമിതിയേയും നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.