മൈസൂരു : കൃഷ്ണരാജസാഗർ (കെ.ആർ.എസ്.) അണക്കെട്ടിനു സമീപം അനധികൃത ഖനനം നടക്കുന്നതായി ആരോപിക്കുന്ന മാണ്ഡ്യ എം.പി. സുമലത അണക്കെട്ടിന്റെ സുരക്ഷാപ്രശ്നം പാർലമെന്റിൽ ഉന്നയിച്ചു. അനധികൃത ഖനനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച പാർലമെന്റിൽ വിഷയം അവതരിപ്പിച്ചത്.

അണക്കെട്ടിൽ വിള്ളലുകളുണ്ടെന്ന് പാർലമെന്റിൽ സംസാരിക്കവേ സുമലത പറഞ്ഞു. അണക്കെട്ടിന്റെ പരിസരത്ത് നടക്കുന്ന അനധികൃത ഖനനവും അതിതീവ്രതയുള്ള ക്വാറി സ്ഫോടനങ്ങളുമാണ് ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 20 കിലോമീറ്റർ ചുറ്റളവിൽ ഖനനം നിരോധിച്ചതാണെങ്കിലും ഇപ്പോഴും സ്ഫോടനം നടക്കുന്നുണ്ട്. വിഷയത്തിൽ കേന്ദ്രമന്ത്രി ഇടപെടണമെന്ന് അഭ്യർഥിക്കുന്നുവെന്നും അവർ സഭയിൽ വ്യക്തമാക്കി.

അനധികൃത ഖനനത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിനു ഉത്തരവിടണമെന്നാവശ്യപ്പെട്ട് സുമലത കേന്ദ്ര ജലശക്തിമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച് മന്ത്രിക്ക് നിവേദനവും നൽകി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് നിയമവിരുദ്ധ ഖനനം നടക്കുന്നതെന്ന് സുമലത നിവേദനത്തിൽ ആരോപിച്ചു.

അനധികൃത ഖനനത്തെക്കുറിച്ച് പരാതിപ്പെടുന്ന കർഷകർക്ക് ജനപ്രതിനിധികളിൽനിന്നും സർക്കാർ ഉദ്യോഗസ്ഥരിൽനിന്നും ഭീഷണി നേരിടേണ്ടി വരുന്നതായി സുമലത മന്ത്രിയെ ധരിപ്പിച്ചു. ഏതാനുംദിവസംമുമ്പ് അണക്കെട്ടിന്റെ മതിൽ ഇടിഞ്ഞത് സുരക്ഷാഭീഷണിയുണ്ടെന്നതിന്റെ തെളിവാണ്. സംഭവം അന്വേഷിക്കാൻ കേന്ദ്രം ഉന്നതതല സമിതി രൂപവത്കരിക്കണം.

സ്ഫോടനം കാരണം വീടുകൾക്ക് കേടു സംഭവിച്ചിട്ടും ഖനി-ഭൂഗർഭവകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും സുമലത മന്ത്രിയോട് പറഞ്ഞു.

കേന്ദ്ര ഖനിമന്ത്രി പ്രൾഹാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയ സുമലത അനധികൃത ഖനനം കാരണം സർക്കാരിന് കനത്ത വരുമാനനഷ്ടം ഉണ്ടാകുന്നതായും അറിയിച്ചു. നിയമവിരുദ്ധ ഖനനം കണ്ടെത്താൻ ഡ്രോൺ സർവേ നടത്തണം. മാണ്ഡ്യയിലെ ഖനി വ്യവസായമേഖലയിൽനിന്ന് സർക്കാരിനു ലഭിക്കേണ്ട നികുതിയെക്കുറിച്ച് ഓഡിറ്റ് നടത്താൻ നിർദേശം നൽകണമെന്നും സുമലത ജോഷിയോട് അഭ്യർഥിച്ചു.