ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ ഹൊലക്കരെയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ദമ്പതിമാർ മരിച്ചു.

തെക്കലവട്ടി സ്വദേശിയായ പ്രകാശ് (54), ഭാര്യ സരോജാമ്മ (45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം.

വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ശബ്ദം കേട്ടെത്തിയ സമീപവാസികൾ ദാവണഗരെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിലിൻഡറിൽ ചോർച്ചയുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയിൽ വീട് ഭാഗികമായി തകർന്നു.

സംഭവസമയത്ത് മറ്റ് ബന്ധുക്കൾ വീട്ടിലുണ്ടായിരുന്നില്ല.