ബെംഗളൂരു : നഗരത്തിലെ ആശുപത്രിയിൽനിന്ന് നവജാത ശിശുവിനെ മോഷ്ടിച്ച് മറ്റൊരു ദമ്പതികൾക്ക് വിറ്റ വയോധിക അറസ്റ്റിൽ. വാണിവിലാസ് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച ആയിഷ (65) ആണ് അറസ്റ്റിലായത്. ഈ മാസം 11-നാണ് ആയിഷ നവജാത ശിശുവിനെ മോഷ്ടിച്ചു കടന്നുകളഞ്ഞത്. തുടർന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിക്കുകയായിരുന്നു.

കുമാരസ്വാമി ലേഔട്ടിലെ ഉമർ നാഗിൽ കഴിയുന്ന ദമ്പതികൾക്ക് 80,000 രൂപക്കാണ് കുഞ്ഞിനെ വിറ്റതെന്ന് ആയിഷ പോലീസിന് മൊഴി നൽകി. തുടർന്ന് ദമ്പതികളെയും അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ആയിഷയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

പത്തിന് പുലർച്ചെ 12.30-നാണ് 29-കാരി പെൺകുഞ്ഞിന് ജന്മം നൽകിയത്. ചെറിയആരോഗ്യ പ്രശ്നത്തെ തുടർന്ന് കുഞ്ഞിനെ ഐ.സി.യുവിലേക്കു മാറ്റി. 11-ന് ഉച്ചയോടെ കുട്ടി അപകടനില തരണം ചെയ്തെന്നും വാർഡിലേക്ക് മാറ്റാമെന്നും സ്പീക്കറിലൂടെ അറിയിപ്പുണ്ടായി.

കുഞ്ഞിന്റെ ബന്ധുക്കളെത്തി ഏറ്റുവാങ്ങണമെന്നായിരുന്നു അറിയിപ്പ്. ഇതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെ കുഞ്ഞിന്റെ മുത്തശ്ശിയാണെന്ന് പറഞ്ഞ് ആയിഷ ഐ.സി.യുവിലെത്തി കുഞ്ഞിനെ വാങ്ങുകയായിരുന്നു. കുഞ്ഞിന്റെ മാതാവിന്റെയും പിതാവിന്റെയും പേര് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആയിഷ അറിഞ്ഞിരുന്നു.

ഈ സമയം പുറത്തുപോയ ഭർത്താവ് വാർഡിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കൈപ്പറ്റണമെന്ന അറിയിപ്പ് വന്നകാര്യം ഭാര്യ അറിയിച്ചു. വൈകിട്ട് 4.25-ഓടെ ഐ.സി.യുവിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ മുത്തശ്ശിയെന്നു പറഞ്ഞുവന്ന സ്ത്രീ കൊണ്ടുപോയ കാര്യം അറിഞ്ഞത്. ഇതേതുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് ലഭിച്ച ചിത്രം ബെംഗളൂരുവിലെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും കൈമാറി. വ്യാഴാഴ്ച വൈകിട്ട് മറ്റൊരു കുഞ്ഞിനെ തട്ടിയെടുക്കാൻ ആയിഷ വീണ്ടും വാണിവിലാസ് ആശുപത്രിയിലെത്തിയപ്പോൾ ചിത്രത്തിലുള്ളയാളാണെന്ന് സംശയിച്ച് ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.