ക്ഷിണ കോസലത്തിലെ സുകൗശലൻ എന്ന രാജാവിന്റെ പുത്രി, ദശരഥന്റെ പട്ടമഹിഷി, ശ്രീരാമന്റെ മാതാവ് ഇങ്ങനെ ഈശ്വരൻ ഒട്ടേറെ സൗഭാഗ്യങ്ങൾ നൽകി അനുഗ്രഹിച്ച സ്ത്രീരത്നമായിരുന്നു, കൗസല്യ. രഘുവംശം വേരറ്റു പോകാതിരിക്കാൻ, തന്റെ മകൾ പ്രസവിക്കുന്ന കുമാരന് പിന്തുടർച്ചാവകാശം ലഭിക്കണമെന്ന കൈകേയിയുടെ പിതാവ് മുന്നോട്ടുവെച്ച നിബന്ധന സ്വീകരിക്കാൻ അവർ ഭർത്താവിനെ ഉപദേശിക്കുന്നുണ്ട്. പ്രസവിക്കുന്നത് ആരായാലും അയോധ്യയുടെ രാജവംശത്തിൽ ഒരിക്കലും അധർമിയായ ഒരു പുത്രൻ ജനിക്കി ല്ലെന്നും ആ വംശം ഒരിക്കലും മലിനമാകയില്ലെന്നും കൗസല്യക്ക് ഉറപ്പുണ്ട്. രാമൻ വനത്തിലേക്കു പോകുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലുമാകാഞ്ഞ ആ സാധ്വി, ധർമത്തിന്റെ പൊരുൾ വിശദീകരിക്കുന്നുണ്ട്: ‘‘അച്ഛനും അമ്മയും ഒരുപോലെ ആദരിക്കപ്പെടേണ്ടവരല്ലേ പുത്രാ? ഭാര്യ ഭർത്താവിന്റെ പകുതിയാണ്. ആ നിലയ്ക്ക് ഞാൻ ദശരഥരാജന്റെ അർധാംഗിയാണ്. അച്ഛന്റെ കല്പന എന്ന് നീ പറയുമ്പോൾ, അത് അദ്ദേഹത്തിന്റെ പകുതി ആജ്ഞ മാത്രമേ ആകുന്നുള്ളൂ. ആ കല്പന അധികൃതമാവണമെങ്കിൽ, കൗസല്യ എന്ന ഈ ‘പകുതി’കൂടി സമ്മതിക്കണം. ഭർത്താവിനെ ഈശ്വരനായി കരുതുന്ന ഞാനിതാ, നിനക്കു വനവാസം വിധിക്കുന്നു!’’ വിങ്ങലൊതുക്കി ഇപ്രകാരം അവർ പറയുന്നതിനുപിന്നിൽ മകനെ അധീരനാക്കാതിരിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേയുള്ളൂ. അമ്മയുടെ ഉറച്ച വാക്കുകൾ രാമന് ആശ്വാസം പകരുന്നു.

സരളശീലയും പ്രകൃത്യാദയാലുവുമായ അവർ ഭരതനെ തിരിച്ചുവന്ന രാമനായാണ് കാണുന്നത്. മടിയിൽവീണു കരയുന്ന ഭരതനെ പിടിച്ചെഴുന്നേൽപ്പിച്ച്, കണ്ണീർ തുടച്ചുകൊണ്ട് അവർ പറയുന്നത് ലോക തത്ത്വങ്ങളല്ലാതെ മറ്റൊന്നല്ല: ‘‘മകനേ ഭരതാ? ധീരനായിരിക്കൂ! കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ദുഃഖിക്കാതിരിക്കൂ! അത്തരം ദുഃഖം നിഷ്പ്രയോജനമാണ്...’’

അച്ഛന്റെ ചിതയിൽച്ചാടി സതിയനുഷ്ഠിക്കില്ലെന്നു കൗസല്യയെക്കൊണ്ടും സുമിത്രയെക്കൊണ്ടും സത്യം ചെയ്യിക്കുന്നുണ്ട് ഭരതൻ. എന്നാൽ, കൈകേയിയെക്കൊണ്ട് അങ്ങനെ സത്യം ചെയ്യിക്കുന്നുമില്ല. പക്ഷേ, കൗസല്യ അവസരത്തിനൊത്തുയരുന്നു. സതിയനുഷ്ഠിക്കരുത് എന്നവർ കൈകേയിയോട് അഭ്യർഥിക്കുന്നു. സത്യപാശബന്ധനായ ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിനും പുത്രന്റെ വനവാസത്തിനും കാരണക്കാരിയായ കൈകേയിയെ പ്രതി ആദ്യമുണ്ടായ നീരസവും വെറുപ്പും തന്റെ ധർമചിന്തയിൽ അലിയിച്ചുകളയാനുള്ള പക്വതയും ഹൃദയനൈർമല്യവുമാണ് കൗസല്യയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.

പ്രതിസന്ധികളിൽ പതറാതിരിക്കാനും മറ്റുള്ളവർക്ക് പ്രചോദനം പകരാനുമാവുമ്പോൾ മാത്രമേ ഒരു സ്ത്രീയുടെ ജന്മം ധന്യമാകൂ എന്ന ഗുണപാഠമാണ്, നന്മയുടെ പര്യായമായ കൗസല്യ നമ്മെ പഠിപ്പിക്കുന്നത്.