ബെംഗളൂരു : കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടാംവർഷ പ്രീ യൂണിവേഴ്‌സിറ്റി (പി.യു.) പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മുൻവർഷത്തെ മാർക്കുകൾ കണക്കാക്കി വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. എസ്. എസ്.എൽ.സി. പരീക്ഷയിലും ഒന്നാംവർഷ പി.യു. പരീക്ഷയിലേയും മാർക്കും തുടർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കും കണക്കാക്കിയാണ് വിദ്യാർഥികളുടെ മാർക്ക് നിശ്ചയിച്ചിരിക്കുന്നത്. രജിസ്റ്റർചെയ്ത മുഴുവൻ വിദ്യാർഥികളും തുടർപഠനത്തിന് അർഹത നേടി.

2239 വിദ്യാർഥികൾക്ക് 600-ൽ 600 മാർക്കും ലഭിച്ചു. 95,628 വിദ്യാർഥികൾ ഡിസ്റ്റിങ്‌ഷനും 3,55,078 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസും 1,47,055 വിദ്യാർഥികൾ സെക്കൻഡ് ക്ലാസും നേടി. 6,66,497 വിദ്യാർഥികളാണ് ഇത്തവണ രണ്ടാംവർഷ പി.യു. പരീക്ഷയ്ക്ക് രജിസ്റ്റർചെയ്തിരുന്നത്.

മാർക്കിൽ തൃപ്തരല്ലാത്തവർക്ക് ഓഗസ്റ്റിൽ പ്രത്യേക പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ പറഞ്ഞു. ഓഗസ്റ്റ് 19-നും സെപ്റ്റംബർ മൂന്നിനും ഇടയിലായിരിക്കും പരീക്ഷ. ജൂലായ് 30 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായതിന് ശേഷം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വിദഗ്ധസമിതി നിർദേശമനുസരിച്ച് ഒരോ വിദ്യാർഥിയുടെയും എസ്.എസ്.എൽ.സി. പരീക്ഷയുടെ മാർക്കിന്റെ 45 ശതമാനം, ഒന്നാംവർഷ പി.യു.സി. പരീക്ഷയുടെ മാർക്കിന്റെ 45 ശതമാനം, രണ്ടാംവർഷ പി.യു. തുടർമൂല്യനിർണയ മാർക്കിന്റെ പത്തുശതമാനം എന്നിവ ചേർത്താണ് മാർക്കുകൾ നിശ്ചയിച്ചത്. കഴിഞ്ഞവർഷം വിജയിക്കാൻ കഴിയാത്തവരും പരീക്ഷ എഴുതാൻ കഴിയാത്തവരും ഇത്തവണ വീണ്ടും പരീക്ഷയ്ക്കായി രജിസ്റ്റർചെയ്തിരുന്നു. ഇവരെ വിജയിക്കാനാവശ്യമായ മാർക്കിനൊപ്പം അഞ്ചുശതമാനം ഗ്രേസ് മാർക്കുകൂടി നൽകി വിജയിപ്പിച്ചു. 76,000 പേരാണ് രണ്ടാംതവണ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്.

ദക്ഷിണകന്നഡ ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾ മുഴുവൻ മാർക്കും നേടിയത്. 445 വിദ്യാർഥികൾ. ബെംഗളൂരു സൗത്തിൽ 302 പേരും ബെംഗളൂരു നോർത്തിൽ 261 പേരും ഉഡുപ്പിയിൽ 149 പേരും ഹാസനിൽ 104 പേരും 600-ൽ 600 മാർക്കും നേടി. ആർട്‌സ് വിഭാഗത്തിൽ 18 പേർക്കും കൊമേ ഴ്‌സിൽ 292 പേർക്കും സയൻസിൽ 1929 പേർക്കും നൂറുശതമാനം മാർക്കും നേടാൻ കഴിഞ്ഞു. ആൺകുട്ടികളിൽ 60,085 പേർക്കും പെൺകുട്ടികളിൽ 35,543 പേർക്കുമാണ് ഡിസ്റ്റിങ്ഷൻ ലഭിച്ചത്. കഴിഞ്ഞവർഷം 61.80 ശതമാനമായിരുന്നു വിജയം.

മാർക്കുകൾ അറിയാം

. karresults.nic.in, www.pue.kar.nic.in എന്നീ വെബ്‌സൈറ്റുകളിൽനിന്ന് പി.യു. വിദ്യാർഥികൾക്ക് മാർക്കറിയാം. മൊബൈലിൽ KAR12 സ്പേസ് രജിസ്റ്റർനമ്പർ എന്ന ക്രമത്തിൽ 56,263 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ചാലും ഫലം അറിയാം.