മൈസൂരു : മഴയെത്തുടർന്ന് ഇടിഞ്ഞ മാണ്ഡ്യയിലെ കൃഷ്ണരാജസാഗർ (കെ.ആർ.എസ്.) അണക്കെട്ടിന്റെ മതിൽ പുതുക്കിപ്പണിതു. ഞായറാഴ്ച രാത്രിയാണ് ബൃന്ദാവൻ ഉദ്യാനത്തിലേക്കുള്ള ഭാഗത്തെ 30-ഓളം കല്ലുകൾ ഇടിഞ്ഞത്.

ജലവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിങ്, കാവേരി നീരാവരി നിംഗം ലിമിറ്റഡ് എം.ഡി. കെ. ജയപ്രകാശ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അറ്റകുറ്റപ്പണി നടന്നത്. അണക്കെട്ടിന്റെ പ്രധാന ഭാഗമല്ല തകർന്നതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.

അതേസമയം, മതിൽ തകർന്ന സംഭവത്തെ 'റെഡ് അലർട്ട്' എന്നു വിശേഷിപ്പിച്ച് മാണ്ഡ്യ എം.പി. സുമലത രംഗത്തെത്തി. മാണ്ഡ്യയിലെ ജനപ്രതിനിധികളാണ് ഇതിനു ഉത്തരവാദികളെന്ന് സുമലത പറഞ്ഞു. അണക്കെട്ടിനു ഭീഷണിയില്ലെന്നു ഉന്നയിച്ച് വിവിധ കോണുകളിൽനിന്ന് തനിക്കെതിരേ വിമർശനം ഉയർന്നിരുന്നു. എന്നാൽ, വരുംദിവസങ്ങളിൽ അണക്കെട്ടിനു ഭീഷണിയുണ്ടാകുമെന്നതിന്റെ കൃത്യമായ സൂചനയാണ് മതിൽ ഇടിഞ്ഞതെന്നും അവർ വ്യക്തമാക്കി.