മൈസൂരു : ഓപ്പൺ, വിദൂരവിദ്യാഭ്യാസം എന്നീ രീതികളിൽ എം.ബി.എ. കോഴ്‌സ് ആരംഭിക്കാൻ കർണാടക ഓപ്പൺ സർവകലാശാലയ്ക്ക് (കെ.എസ്.ഒ.യു.) ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ.) അനുമതി ലഭിച്ചു.

2021-22 അധ്യയനവർഷത്തിൽ എം.ബി.എ.ക്ക്‌ (ജനറൽ അഡ്മിനിസ്‌ട്രേഷൻ) 10,000 വിദ്യാർഥികളെ പ്രവേശിപ്പിക്കാനാണ് അനുമതി നൽകിയത്. രാജ്യത്തെ 18 ഓപ്പൺ സർവകലാശാലകളിൽ അംഗീകാരം ലഭിക്കുന്ന ആദ്യ സർവകലാശാലയായതിൽ സന്തോഷമുണ്ടെന്ന് കെ.എസ്.ഒ.യു. വൈസ് ചാൻസലർ എസ്. വിദ്യാശങ്കർ പറഞ്ഞു.

കെ.എസ്.ഒ.യു. വിന് യു.ജി.സി. നിയമത്തിലെ 12-ബി പദവി ലഭിച്ചിരുന്നു. സർവകലാശാലയ്ക്ക് യു.ജി.സി. ഫണ്ട് ലഭിക്കാൻ സഹായിക്കുന്നതാണ് ഈ പദവി. അടുത്തിടെ ബിരുദ, ബിരുദാനന്തരബിരുദ വിഭാഗങ്ങളിലായി 11 പുതിയ ഓൺലൈൻ കോഴ്‌സുകൾക്കും യു.ജി.സി. അനുമതി നൽകിയിരുന്നു.