മൈസൂരു : നഞ്ചൻകോടിൽ ക്ഷേത്രം പൊളിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിയമാനുസൃതമല്ലാത്ത ക്ഷേത്രങ്ങൾ നിയമവിധേയമാക്കാൻ നിയമസഭയിൽ സ്വകാര്യബിൽ അവതരിപ്പിക്കുമെന്ന് ബി.ജെ.പി. എം.എൽ.എ. എസ്.എ. രാംദാസ്.

ബിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ അറിയിച്ചിട്ടുണ്ടെന്നും 23-ന് ചർച്ചയ്ക്ക് എടുക്കുമെന്നാണ് കരുതുന്നതെന്നും രാംദാസ് പറഞ്ഞു. ക്ഷേത്രം പൊളിച്ച സംഭവത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മൈസൂരുവിൽനിന്നുള്ള എം.എൽ.എ. യായ രാംദാസിന്റെ പ്രതികരണം.

നിയമസഭയിൽ ബില്ലിന് പിന്തുണ നൽകാൻ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയ്ക്കും ജെ.ഡി.എസ്. നേതാക്കൾ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾക്കും കത്തയക്കുമെന്ന് രാംദാസ് പറഞ്ഞു. അനധികൃത ക്ഷേത്രങ്ങൾക്ക് നിയമസാധുത നൽകാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

നിയമവിധേയമാക്കലിനുള്ള നടപടികൾക്കായി ഓരോ താലൂക്കിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അടക്കം 10 പ്രധാന വകുപ്പുകൾ ബില്ലിലുണ്ടാകും.

സ്വകാര്യ ബിൽ നിയമസഭയിൽ നേരിട്ട് പാസാക്കുകയോ സർക്കാർ ബില്ലാക്കി മാറ്റി ചർച്ചയ്ക്കുശേഷം നിയമമാക്കി മാറ്റുകയോ ചെയ്യാം. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും രാംദാസ് വ്യക്തമാക്കി.

സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ബി.ജെ.പി.ക്ക് സാധിക്കുന്നില്ലെന്ന് ആരോപിച്ച് ഹിന്ദുസംഘടനാ പ്രവർത്തകർ ഏതാനും ദിവസങ്ങൾക്കുമുമ്പ് എം.പി.മാരായ പ്രതാപസിംഹ, തേജസ്വി സൂര്യ എന്നിവരെ തടഞ്ഞിരുന്നു.

നഞ്ചൻകോടിൽ ക്ഷേത്രം പൊളിച്ചതിൽ ബി.ജെ.പി. സർക്കാരിനു പങ്കില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നുമാണ് പ്രതാപസിംഹ പ്രതികരിച്ചത്. വിഷയത്തിൽ ബി.ജെ.പി.ക്കെതിരേ കോൺഗ്രസ് രംഗത്തുവന്നിരുന്നു. എന്നാൽ, കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് തേജസ്വി സൂര്യ ആരോപിച്ചു.

ആവശ്യമെങ്കിൽ സുപ്രീംകോടതിയിലേക്ക്-യെദ്യൂരപ്പ

ബെംഗളൂരു : അനധികൃതമായി നിർമിച്ച ക്ഷേത്രങ്ങൾ പൊളിക്കുന്നതിനെതിരേ ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. ക്ഷേത്രങ്ങൾ പൊളിക്കാനുള്ള ഉത്തരവ് അഭികാമ്യമല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തും.

മൈസൂരു ജില്ലയിൽ ക്ഷേത്രങ്ങൾ പൊളിക്കുന്നതിൽ പ്രവർത്തകർ നിരാശരാകേണ്ടതില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

ദാവണഗെരെയിൽ ബി.ജെ.പി. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ.