മൈസൂരു : മൈസൂരു കൊട്ടാരത്തിലെ ആറ്്‌ ആനകളിൽ നാലെണ്ണത്തിനെ ഗുജറാത്തിലെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റുന്നു. ഇതുസംബന്ധിച്ച് വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. കൊട്ടാരത്തിൽ സന്ദർശകർക്കുള്ള സവാരിക്കായി ഉപയോഗിക്കുന്ന ആനകളാണിവ. വർഷങ്ങളായി കൊട്ടാരത്തിൽതന്നെ കഴിയുന്ന ആനകളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സീത, റൂബി, ജെമിനി, രാജേശ്വരി എന്നീ ആനകളെയാണ് മാറ്റുന്നത്. ചഞ്ചല, പ്രീതി എന്നീ ആനകൾ കൊട്ടാരത്തിൽ തന്നെ തുടരും. ആനകളെ മാറ്റണമെന്ന് കേന്ദ്രവനംമന്ത്രാലയത്തിൽനിന്ന് മൈസൂരു ഡെപ്യൂട്ടി കൺസർവേറ്റർ കമലാ കരികാലനു നിർദേശംലഭിച്ചിരുന്നു. ആറ് ആനകളുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്രത്തിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമലാ കരികാലൻ പറഞ്ഞു. വൈൽഡ്‌ലൈഫ് ഡെപ്യൂട്ടി കൺസർവേറ്റർ വി. കരികാലൻ ആനകളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം റിപ്പോർട്ട് നൽകുമെന്നും അവർ വ്യക്തമാക്കി.

വർഷങ്ങൾക്കുമുമ്പ് കോടതി ഉത്തരവിനെത്തുടർന്ന് ജെമിനി സർക്കസിൽനിന്നാണ് ആനകളെ ഏറ്റെടുത്ത് കൊട്ടാരത്തിലെത്തിച്ചത്. വിനോദത്തിന്റെ പേരിൽ സർക്കസ് കൂടാരത്തിൽ ആനകളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൃഗസ്നേഹികൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ആനകളെ വനംവകുപ്പ് ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് വന്നതിനുപിന്നാലെ ആനകളെ ഏറ്റെടുക്കാൻ അന്നത്തെ മൈസൂരു രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാർ സന്നദ്ധത പ്രകടിപ്പിച്ചു. ഇതോടെ ആനകളെ കൊട്ടാരത്തിലേക്ക് അയച്ചു.

കൊട്ടാരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ആനകൾ. പരിപാലിക്കാനുള്ള ബുദ്ധിമുട്ടുകാരണം ആനകളിൽ മൂന്നെണ്ണത്തിനെ തിരിച്ചെടുക്കണമെന്ന് 2017-ൽ മഹാറാണി പ്രമോദാ ദേവി വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പലവിധ കാരണങ്ങൾ ഉന്നയിച്ച് ഏറ്റെടുക്കാൻ വനംവകുപ്പ് തയ്യാറായിരുന്നില്ല.