മൈസൂരു : മാണ്ഡ്യയിലെ കൃഷ്ണരാജസാഗർ (കെ.ആർ.എസ്.) അണക്കെട്ടിന്റെ മതിലിന്റെ ചെറിയഭാഗം ഇടിഞ്ഞു. മഴയെത്തുടർന്ന് മതിലിന്റെ 30-ഓളം കല്ലുകളാണ് ഞായറാഴ്ച രാത്രി ഇടിഞ്ഞത്. അതേസമയം, പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ലെന്ന് അണക്കെട്ടിന്റെ ചുമതലയുള്ള കാവേരി നീരാവരി നിംഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ.) അധികൃതർ അറിയിച്ചു.

ബൃന്ദാവൻ ഉദ്യാനത്തിലേക്കുള്ള ഭാഗത്തുള്ള കല്ലുകളാണ് ഇടിഞ്ഞത്. തിങ്കളാഴ്ച ശ്രീരംഗപട്ടണ എം.എൽ.എ. രവീന്ദ്ര ശ്രീകണ്ഠയ്യയും സി.എൻ.എൻ.എൽ. അധികൃതരും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അണക്കെട്ടിന്റെ പ്രധാന ഭാഗമല്ല തകർന്നതെന്നും അതിനാൽ സാങ്കേതികസമിതി പരിശോധിക്കേണ്ട ആവശ്യമില്ലെന്നും സി.എൻ.എൻ.എൽ. സൂപ്രണ്ടിങ് എൻജിനിയർ വിജയ കുമാർ പറഞ്ഞു. അണക്കെട്ടിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇത്തരം സംഭവങ്ങൾ സാധാരണയാണെന്നും പരിഭ്രാന്തിപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അണക്കെട്ടിന്റെ പ്രധാന മതിലല്ല ഇടിഞ്ഞതെന്നും അറ്റകുറ്റപ്പണി നടത്തുമെന്നും എം.എൽ.എ. പറഞ്ഞു.