ഊട്ടി : ഊട്ടിയിലെ വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ചുകഴിയുന്ന വ്യാപാരികൾ റോഡ് ഉപരോധിച്ചു. കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാൻ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

വിനോദസഞ്ചാരകേന്ദ്രങ്ങൾ പൂട്ടരുതെന്നും സഞ്ചാരികളെ പ്രവേശിക്കാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് വ്യാപാരികൾ റോഡ് ഉപരോധിച്ചത്. സസ്യോദ്യാനം, ബോട്ട് ഹൗസ്, ദോഡാബെട്ട, പനിനീർപ്പൂ ഉദ്യാനം എന്നിവിടങ്ങളിലെ വ്യാപാരികൾ ഒത്തുകൂടി ചേറിങ്‌ ക്രോസ് ജങ്‌ഷനിൽ എത്തുകയും ഊട്ടി-ഗൂഡലൂർ റോഡ് ഉപരോധിക്കുകയുമായിരുന്നു.

സാമ്പത്തികനഷ്ടം കാരണം എല്ലാവരും വീർപ്പുമുട്ടുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. രാവിലെ 11 മണിമുതൽ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചതിനെത്തുടർന്ന് ഊട്ടി സബ് കളക്ടർ മോണിക്ക റാണ സ്ഥലത്തെത്തി വ്യാപാരികളുമായി ചർച്ചനടത്തി. തുടർന്ന്, പത്തുപേരെ കളക്ടർ ഇന്നസെന്റ് ദിവ്യയെ കാണാൻ അനുവദിച്ചു. മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് വേണ്ടനടപടികൾ എടുക്കാമെന്ന് കളക്ടർ ഉറപ്പുനൽകിയതായി വ്യാപാരികൾ പറഞ്ഞു.