ബെംഗളൂരു : കർണാടകത്തിൽ ജില്ലാ പഞ്ചായത്തുകളിലേക്കും താലൂക്ക് പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സർക്കാർ ആലോചിക്കുന്നു. കോവിഡ് വ്യാപനം വലിയരീതിയിൽ വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

ഇക്കാര്യം മന്ത്രിസഭ ചർച്ചചെയ്യുമെന്നും തീരുമാനം തിരഞ്ഞെടുപ്പു കമ്മ‌ിഷനെ അറിയിക്കുമെന്നും ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ പറഞ്ഞു. മൂന്നരക്കോടിയിലധികം വോട്ടർമാർ വോട്ടുചെയ്യേണ്ട തിരഞ്ഞെടുപ്പാണിത്. നിലവിലുള്ള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.

2016-ലാണ് സംസ്ഥാനത്ത് ജില്ല-താലൂക്ക് പഞ്ചായത്തുകളിലേക്ക് അവസാനം തിരഞ്ഞെടുപ്പു നടന്നത്. അവയുടെ ഭരണസമിതിയുടെ കാലാവധി ഇപ്പോൾ പൂർത്തിയാകുകയാണ്. തിരഞ്ഞെടുപ്പ് നടത്താനായില്ലെങ്കിൽ പഞ്ചായത്തുകളിൽ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കേണ്ടിവരും. ഇതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനത്തിനിടെ, കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പു നടന്നിരുന്നു. 5762 ഗ്രാമപ്പഞ്ചായത്തുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. അന്നും തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് സർക്കാർ നിലപാടെടുത്തതാണ്. പക്ഷേ, തിരഞ്ഞെടുപ്പു നടത്താൻ ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് നിർദേശം നൽകുകയായിരുന്നു.