ബെംഗളൂരു : സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടാൽ കോവിഡ് ചികിത്സയ്ക്കായി 270 കോച്ചുകൾ സജ്ജീകരിക്കാമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ. 4300 രോഗികളെ കിടത്താൻ ആവശ്യമായ സൗകര്യം ഈ കോച്ചുകളിൽ ഒരുക്കാൻ കഴിയും. ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി മാറ്റിവെച്ച കിടക്കകൾ തീർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ വാഗ്ദാനം. ഓക്‌സിജൻ സിലിൻഡറുകളും മറ്റ് ആധുനികസംവിധാനങ്ങളും ഘടിപ്പിക്കാൻ കഴിയുന്നവിധമായിരിക്കും ഇത്തരം കോച്ചുകൾ ഒരുക്കുന്നത്.

കഴിഞ്ഞവർഷവും ദക്ഷിണ-പശ്ചിമ റെയിൽവേ 320 കോച്ചുകൾ കോവിഡ് രോഗികൾക്കായി സജ്ജീകരിച്ചിരുന്നു. ബെംഗളൂരുവിലും മൈസൂരുവിലും ഹുബ്ബള്ളിയിലും ഇത്തരം കോച്ചുകൾ കൈകാര്യംചെയ്യാൻ പ്രത്യേകം നോഡൽ ഓഫീസർമാരെയും റെയിൽവേ നിയോഗിച്ചു. എന്നാൽ, വിവിധ പ്രദേശങ്ങളിൽ വ്യാപകമായി കോവിഡ് കെയർ സെന്ററുകൾ സ്ഥാപിച്ചതോടെ ഇവ ഉപയോഗിക്കേണ്ടിവന്നില്ല. കഴിഞ്ഞവർഷം സജ്ജീകരിച്ച 320 കോച്ചുകളിൽ 30 ശതമാനം നിലവിൽ സാധാരണ തീവണ്ടികോച്ചുകളാക്കി മാറ്റിയിട്ടുണ്ട്.

സർക്കാർ ആവശ്യപ്പെട്ടാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കോച്ചുകൾ ലഭ്യമാക്കാൻ കഴിയുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

കോച്ചുകൾ സ്ഥാപിക്കാൻ സൗകര്യമുള്ള സ്റ്റേഷനുകളിലാണ് ഇത്തരം കോച്ചുകൾ എത്തിക്കുക. കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റെയിൽവേ അതിജാഗ്രതയിലാണെന്നും അധികൃതർ വ്യക്തമാക്കി.