ബെംഗളൂരു : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ബെംഗളൂരു കോർപ്പറേഷന് 300 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. രണ്ടാംഘട്ട രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ദുരന്തനിവാരണ ഫണ്ടിൽനിന്ന് തുക അനുവദിച്ചത്. ക്വാറന്റീൻ കേന്ദ്രങ്ങൾ ഒരുക്കാനും കോവിഡ് ടെസ്റ്റുകൾ നടത്താനും കരാറടിസ്ഥാനത്തിൽ നിയോഗിച്ച ജീവനക്കാർക്ക് ശമ്പളം നൽകാനുമാണ് ഈ തുക വിനിയോഗിക്കുക. തെരുവുകൾ അണുവിമുക്തമാക്കാനും തുക മാറ്റിവെക്കും.

ഏപ്രിൽ ഏഴിന് ബെംഗളൂരു കോർപ്പറേഷൻ 300 കോടി രൂപ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തുനൽകിയിരുന്നു. പത്തുദിവസത്തിനു ശേഷമാണ് പണം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. പണം വിനിയോഗിക്കുന്നതിന്റെ പൂർണ ചുമതല കോർപ്പറേഷൻ കമ്മിഷണർക്കായിരിക്കും. തുക ലഭിക്കുന്നതോടെ കോർപ്പറേഷന്റെ സാമ്പത്തികപ്രതിസന്ധി ഒരു പരിധിവരെ മറികടക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരത്തേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാവാതെ കോർപ്പറേഷൻ വലഞ്ഞിരുന്നു.

ഹോട്ടലുകളും അടഞ്ഞുകിടക്കുന്ന വീടുകളും ഏറ്റെടുത്ത് കോവിഡ് കെയർ സെന്ററുകൾ തുടങ്ങാൻ നേരത്തേ കോർപ്പറേഷൻ തീരുമാനിച്ചിരുന്നെങ്കിലും ഇതിനാവശ്യമായ തുക കണ്ടെത്താൻ കോർപ്പറേഷന് കഴിഞ്ഞിരുന്നില്ല. കോവിഡ് പരിശോധന വർധിപ്പിച്ചതും കോർപ്പറേഷന് വലിയ ബാധ്യതയായി മാറി. പരിശോധനാ ക്യാമ്പുകൾ നടത്തുന്നതിന് വൻതുകയാണ് കോർപ്പറേഷന് ചെലവുവരുന്നത്. രണ്ടാംഘട്ട വ്യാപനം രൂക്ഷമായതോടെ കരാറടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കാനുള്ള പ്രവർത്തനവും പുരോഗമിക്കുകയാണ്. ഇവർക്ക് ശമ്പളം നൽകാനും വലിയ തുക കണ്ടെത്തണം. അതേസമയം, കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോർപ്പറേഷന്റെ വരുമാനത്തിൽ വലിയ കുറവാണുണ്ടാകുന്നത്.