ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുമ്പേ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമായി. കോൺഗ്രസ്-ദൾ സഖ്യസർക്കാരിന്റെ ഭാവിയെ ബാധിക്കുന്നതരത്തിലേക്ക് നേതാക്കൾ തമ്മിലുള്ള വാക്‌പോര് മാറി. ബി.ജെ.പി.ക്ക് അനുകൂലമായ എക്സിറ്റ് പോൾ വന്നതോടെയാണ് നേതൃത്വത്തിനെതിരേ നേതാക്കൾ രംഗത്തെത്തിയത്. മന്ത്രിസ്ഥാനം ലഭിക്കാത്തവരും നേതൃത്വത്തോട് അതൃപ്തിയുള്ളവരുമാണ് എതിർസ്വരം ഉയർത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്, ദൾ നേതാക്കൾ തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരുന്നു. ഇരു പാർട്ടി നേതൃത്വവും പരസ്യപ്രസ്താവന പാടില്ലെന്ന് താക്കീത് നൽകിയതിനെത്തുടർന്ന് താത്‌കാലിക വെടിനിർത്തൽ വന്നു. എന്നാൽ, കോൺഗ്രസ് മുതിർന്ന നേതാവും മുൻമന്ത്രിയുമായ റോഷൻ ബെയ്ഗ് നേതൃത്വത്തിനെതിരേ നടത്തിയ വിമർശനം പൊട്ടിത്തെറിക്കിടയാക്കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ ഉത്തരവാദിത്വം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനുമായിരിക്കുമെന്ന റോഷൻ ബെയ്ഗിന്റെ പ്രസ്താവന വരുംദിവസങ്ങളിൽ മറ്റ് നേതാക്കളും ഉയർത്താനിടയുണ്ട്. ജനതാദൾ -എസ് സംസ്ഥാന അധ്യക്ഷൻ എച്ച്. വിശ്വനാഥും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസും ജനതാദൾ -എസും തമ്മിലുള്ള ഭിന്നതയാണ് ഇതിലൂടെ വ്യക്തമായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ, ഹാസൻ, തുമകൂരു എന്നിവിടങ്ങളിലുണ്ടായ ഭിന്നതയ്ക്ക് സിദ്ധരാമയ്യയാണ് ഉത്തരവാദിയെന്നാണ് ദൾ നേതാക്കളുടെ വാദം. ഇത് ശരിവെക്കുന്ന പ്രസ്താവനയാണ് റോഷൻ ബെയ്ഗ് നടത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ പ്രവർത്തിക്കാൻ സിദ്ധരാമയ്യ അനുവദിക്കുന്നില്ലെന്ന ആരോപണത്തെയും ദൾ നേതാക്കൾ ശരിവെക്കുന്നു. ഇൗ ആരോപണം തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ശക്തമാകും.

എക്സിറ്റ് പോൾ പ്രവചനത്തിന് സമാനമായാണ് തിരഞ്ഞെടുപ്പ് ഫലമെങ്കിൽ കൂടുതൽ പൊട്ടിത്തെറിക്കിടയാക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് വാദിക്കുന്ന നേതാക്കളെ ഉന്നംവെച്ചാണ് ജനതാദൾ ആരോപണം ഉന്നയിക്കുന്നത്. ഇത്തരമൊരു വാദത്തിനുപിന്നിൽ സിദ്ധരാമയ്യയാണെന്നും ഇവർ വാദിക്കുന്നു. ഇത് പരിഗണിച്ചാണ് കോൺഗ്രസിലെ ഭിന്നതതീർക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് നൽകിയത്.

രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സിറ്റിങ് സീറ്റ് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ബി.ജെ.പി. നടത്തുന്ന അട്ടിമറിനീക്കം തടയാൻ ബുദ്ധിമുട്ടാകും. മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളിയും അനുയായികളും അനുകൂല സാഹചര്യത്തിനായി കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം സർക്കാർ വീഴുമെന്ന് ബി.ജെ.പി. ആവർത്തിക്കുന്നതും കോൺഗ്രസിലെ വിഭാഗീയത മുന്നിൽക്കണ്ടാണ്. മാണ്ഡ്യയിൽ നിഖിൽ കുമാരസ്വാമി പരാജയപ്പെടുമെന്ന എക്സിറ്റ് പോൾ പ്രവചനം ജനതാദളിനെ ആശങ്കയിലാക്കുന്നുണ്ട്. കോൺഗ്രസിനും ജനതാദൾ -എസിനും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായ സുമലത വിജയിച്ചാൽ കോൺഗ്രസ് കാലുവാരിയെന്ന ആരോപണം ശക്തമാകും. മാണ്ഡ്യയിലെ വിജയം എച്ച്.ഡി. ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും അഭിമാനപ്രശ്നമാണ്. മണ്ഡലത്തിൽ തിരിച്ചടിയുണ്ടായാൽ സഖ്യം നിലനിർത്തുന്നതിനെ ദൾ നേതാക്കളും എതിർക്കും. ഇത് സർക്കാരിന്റെ ഭാവിയെ ബാധിച്ചേക്കും.

Content Highlights: 2019 Loksabha Elections, Karnataka congress