ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരിയ ബി.ജെ.പി. സംസ്ഥാനത്തെ 224 നിയമസഭ മണ്ഡലങ്ങളിൽ 177 എണ്ണത്തിലും മുന്നിൽ. മൂന്നിൽ രണ്ട് സീറ്റിലും ബി. ജെ.പി. ആധിപത്യം നേടി. കോൺഗ്രസ്- ജനതാദൾ എസ് സഖ്യത്തിലെ ഭിന്നതകാരണം സർക്കാർ വീണാൽ തിരഞ്ഞെടുപ്പിനെ നേരിടമെന്ന വാദം ബി.ജെ.പി.യിൽ ശക്തമായി.

ചരിത്രത്തിലെ ഏറ്റവുംവലിയ വിജയം നേടിയതിന്റെ സന്തോഷം പങ്കിടുന്ന

ബി.ജെ.പി.ക്ക്‌ എല്ലാ മേഖലകളിലും വൻ വിജയം കാഴ്ചവെക്കാൻ കഴിഞ്ഞു. തോൽവിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെക്കണമെന്ന ആവശ്യവും ബി. ജെ.പി. ശക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന് 35 സീറ്റിലും ജനതാദൾ എസിന് 12 സീറ്റിലുമാണ് മേധാവിത്വമുള്ളത്.

എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽനിന്ന്‌ വ്യത്യസ്തമായ ഫലമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകാറുള്ളത്. 2004-മുതൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ബി.ജെ.പി.യാണ് നേടാറുള്ളത്. 2013-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജനതാദൾ എസും ചേർന്ന് കൂടുതൽ സീറ്റുകൾ നേടി. ബി.ജെ.പി.ക്ക് 104 സീറ്റും കോൺഗ്രസ്, ദൾ പാർട്ടികൾക്കായി 118 സീറ്റുമാണ് ലഭിച്ചത്. എന്നാൽ തൊട്ടടുത്തവർഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റിൽ ബി.ജെ.പി. 17 എണ്ണത്തിൽ വിജയിച്ചു. കോൺഗ്രസിന് ഒമ്പതും ജനതാദൾ എസിന് രണ്ട് സീറ്റുമാണ് ലഭിച്ചത്.

ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ 25 സീറ്റും നേടിയപ്പോൾ ഒമ്പത് ലോക്‌സഭ മണ്ഡലങ്ങളിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും ബി.ജെ. പി. മുന്നിലെത്തി.ആറ്്‌ ലോക്‌സഭ മണ്ഡലങ്ങളിൽ കോൺഗ്രസ്- ദൾ സഖ്യത്തിന് ഒരു നിയമസഭ മണ്ഡലത്തിലാണ് മുന്നിലെത്താനായത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥി പ്രതാപ് സിംഹയ്ക്ക് ലഭിച്ചത് 20000 വോട്ടിന്റെ ലീഡാണ്. സിദ്ധരാമയ്യ വിജയിച്ച ബാദാമി മണ്ഡലത്തിൽ ബി.ജെ.പി.ക്ക് 9000 വോട്ടിന്റെ ലീഡും ലഭിച്ചു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച കുന്ദ്‌ഗോൾ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത്‌ 5000 വോട്ടാണ്. ഇതിൽനിന്ന്‌ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് വ്യക്തമാണ്.

Content Highlights: 2019 Lok Sabha Elections, bjp, karnataka