ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോഴും സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കയാകുന്നു. 17 ദിവസത്തിനിടെ സംസ്ഥാനത്ത് 596 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 150 രോഗികളും ബെംഗളൂരുവിലാണ്. ഉഡുപ്പി, ശിവമോഗ, ദക്ഷിണകന്നഡ, കലബുറഗി എന്നിവയാണ് ഡെങ്കി വ്യാപനം കൂടുതലുള്ള മറ്റു ജില്ലകൾ. സെപ്റ്റംബർ ഒന്നുമുതലുള്ള കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.

ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകാരിയായ വകഭേദം സംസ്ഥാനത്ത് വ്യാപിക്കുന്നതായാണ് കണക്കുകൾ. കുട്ടികളിൽ ഏറെ അപകടംചെയ്യുന്ന വകഭേദമാണിത്. കഴിഞ്ഞവർഷം ഉത്തർപ്രദേശിൽ ഈ വകഭേദം പടർന്നുപിടിച്ചിരുന്നു. എന്നാൽ കർണാടകത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡി.വൺ, ഡി.ത്രീ, ഡി.ഫോർ എന്നിവയാണ് സംസ്ഥാനത്ത് കണ്ടെത്തിയ വകഭേദങ്ങൾ. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെ ഡെങ്കിപ്പനി ചികിത്സിക്കാൻ പ്രത്യേകം സൗകര്യമൊരുക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വടക്കൻ ജില്ലകളിലും തീരദേശ ജില്ലകളിലും മഴ തുടങ്ങിയതോടെയാണ് ഡെങ്കിപ്പനി വ്യാപനമുണ്ടായത്. കൊതുകുനശീകരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നേരത്തേ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നെങ്കിലും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

ബെംഗളൂരു കോർപ്പറേഷൻ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടെങ്കിലും പല വാർഡുകളിലും പ്രവർത്തനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവരെ വീടുകൾ തോറും ബോധവത്കരണത്തിന് നിയോഗിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. സന്നദ്ധ സംഘടനാപ്രവർത്തകരുടെ സഹായവും തേടും. ഡെങ്കിപ്പനിബാധിതരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.