ബെംഗളൂരു : കർണാടകത്തിലെ സ്വകാര്യ സ്കൂളുകൾ 2020-21 അധ്യയനവർഷം 15 ശതമാനം ഫീസ് കുറയ്ക്കണമെന്ന് കർണാടകഹൈക്കോടതി. കോവിഡ് സാഹചര്യത്തിൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ വാർഷിക ഫീസിൽ 15 ശതമാനം ഇളവുനൽകാൻ സ്വകാര്യ സ്കൂൾ അസോസിയേഷനുകളോട് ഹൈക്കോടതി നിർദേശിച്ചു. സ്കൂൾ ഫീസിൽ 30 ശതമാനം ഇളവ് നൽകണമെന്ന സർക്കാർ നിർദേശത്തിനെതിരേ സ്വകാര്യ അൺ എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ആർ. ദേവ്ദാസ് ഉത്തരവിട്ടത്.

അതേസമയം, 15 ശതമാനം ഇളവ് 2021-22 അധ്യയനവർഷം ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ ഫീസിന്റെ 70 ശതമാനത്തിൽ കൂടുതൽ ഈടാക്കരുതെന്ന് ജനുവരി 29-ന് കർണാടകസർക്കാർ ഉത്തരവിട്ടിരുന്നു. ഇത് 15 ശതമാനമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുകൾ പ്രതിഷേധിച്ചിരുന്നു.