ബെംഗളൂരു : പോലീസ് സ്റ്റേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ എസ്.ഐ.യെയും സുഹൃത്തിനെയും അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി.) അറസ്റ്റുചെയ്തു. ചിക്കജാല പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.ആർ. രാഘവേന്ദ്രയെയും സുഹൃത്ത് രാഘവേന്ദ്രയെയുമാണ് ശനിയാഴ്ച രാവിലെ രണ്ടുലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റുചെയ്തത്. കെംപെഗൗഡ രാജ്യാന്തരവിമാനത്താവളം റോഡിലെ ടോൾഗേറ്റിന് സമീപം സ്ഥലംസ്വന്തമായുള്ള ചിക്കജാല സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

തന്റെ സ്ഥലത്ത് ചില ആളുകൾ അതിക്രമിച്ചു കയറുകയും ബോർഡ് നീക്കുകയും ചെയ്തതായി ഇൻസ്പെക്ടർ രാഘവേന്ദ്രയ്ക്ക് നേരത്തേ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി സ്വീകരിച്ച് പ്രശ്നം പരിഹരിക്കാൻ രാഘവേന്ദ്ര പത്തുലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് ഏതാനും ദിവസം മുമ്പ് എട്ടുലക്ഷം രൂപ കൈക്കൂലി നൽകി. ബാക്കി രണ്ടുലക്ഷം രൂപ രാഘവേന്ദ്ര ആവശ്യപ്പെട്ടു.

എന്നാൽ, ബാക്കി പണം നൽകാതെ പരാതിക്കാരൻ എ.സി.ബി.ക്ക് പരാതിനൽകി. തുടർന്ന് ശനിയാഴ്ച രാവിലെ കൈകൂലിനൽകാൻ പരാതിക്കാരൻ സ്റ്റേഷനിലെത്തി. എ.സി.ബി. ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തിയിരുന്നു. ഇൻസ്പെക്ടർ സുഹൃത്തായ രാഘവേന്ദ്രയ്ക്ക് പണം നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പണം കൈമാറിയപ്പോൾ എ.സി.ബി. ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു.