ബെംഗളൂരു : ജനപ്രതിനിധികളും യാത്രക്കാരും നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ മെട്രോ സർവീസിന്റെ സമയം നീട്ടി ബി.എം.ആർ.സി.എൽ. ശനിയാഴ്ചമുതൽ രാവിലെ ആറുമുതൽ രാത്രി പത്തുവരെ പർപ്പിൾ, ഗ്രീൻ പാതകളിൽ മെട്രോ സർവീസുണ്ടാകുമെന്ന് ബി.എം.ആർ.സി.എൽ. എം.ഡി. അഞ്ജും പർവേസ് അറിയിച്ചു. നിലവിൽ രാത്രികാല കർഫ്യൂ നിലനിൽക്കുന്നതിനാൽ രാത്രി എട്ടുവരെയാണ് സർവീസുകളുണ്ടായിരുന്നത്.

രാത്രി 9.30-ന് നാലു സ്റ്റേഷനുകളിൽനിന്നും മെട്രോ ട്രെയിനുകൾ പുറപ്പെടും. ബൈയ്യപ്പനഹള്ളി, മൈസൂരു റോഡ്, അഞ്ജനപുര, യെലച്ചനഹള്ളി എന്നീ സ്റ്റേഷനുകളിൽ നിന്നാണ് ട്രെയിനുകൾ പുറപ്പെടുക. ഇതായിരിക്കും അവസാന സർവീസ്.

രാത്രികർഫ്യൂ നിലവിലുണ്ടെങ്കിലും അത്യാവശ്യയാത്രകൾക്ക് തടസ്സമില്ലാത്ത സാഹചര്യത്തിൽ മെട്രോ സർവീസ് പത്തുവരെ നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. മന്ത്രി ആർ. അശോക, പി.സി. മോഹൻ എം.പി. തുടങ്ങിയവരും ഈ ആവശ്യവുമായി രംഗത്തെത്തി. എട്ടുമണിക്ക് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരിച്ചുപോകുന്നവർക്ക് മതിയായ യാത്രാസൗകര്യങ്ങളില്ലാത്തതും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു.