മൈസൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വേഗത്തിലും സ്ഥിരതയോടെയും വികസിക്കുന്നുവെന്നും ലോകം ഇന്ത്യയെ ശ്രദ്ധിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന 20 ദിവസത്തെ ‘മോദി യുഗ് ഉത്സവ്' പരിപാടി വെള്ളിയാഴ്ച മൈസൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇനിയും രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള കഴിവ് മോദിക്കുണ്ട്. രാജ്യത്തിനായുള്ള ലക്ഷ്യവും കാഴ്ചപ്പാടും മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്ത് മോദിക്ക്‌ നൽകാൻ താൻ ഈശ്വരനോട് പ്രാർഥിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. കൃഷ്ണരാജ എം.എൽ.എ. എസ്.എ. രാംദാസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നഗരത്തിലെ വിദ്യാരണ്യപുരത്തെ രാമലിംഗേശ്വര ക്ഷേത്രത്തിനുസമീപം പാർക്കിലാണ് ഉദ്ഘാടനച്ചടങ്ങ്‌ നടന്നത്. 20 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച അഞ്ച് പരിപാടികൾക്ക് തുടക്കംകുറിച്ചതായി രാംദാസ് പറഞ്ഞു.

ഗർഭിണികളായ സ്ത്രീകൾക്ക് 5,000 രൂപ വീതം നൽകുന്ന ‘മാതൃ വന്ദന’, കുട്ടികൾക്കും സ്ത്രീകൾക്കും പോഷകാഹാരം ലഭ്യമാക്കുന്ന ‘പോഷൻ അഭിയാൻ’ തുടങ്ങിയവയാണ് പരിപാടികളെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതാപസിംഹ എം.പി., മൈസൂരു നഗരവികസന അതോറിറ്റി ചെയർമാൻ എച്ച്.വി. രാജീവ്, മേയർ സുനന്ദ പലനേത്ര, സിറ്റി ബി.ജെ.പി. പ്രസിഡന്റ് ടി.എസ്. ശ്രീവാസ്തവ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.