:ബെംഗളൂരുവിൽ സജീവമായിരുന്ന ചെണ്ടമേള ക്ലാസുകളും കോവിഡിന്റെ വരവിൽ നിലച്ചുപോയി. ചെണ്ട ആശാന്മാർക്കുണ്ടായിരുന്ന വരുമാനമാർഗം ഇല്ലാതായി. ജാലഹള്ളി, മഡിവാള, കോടിഹള്ളി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മികച്ച നിലയിൽ ചെണ്ടമേള ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നു. പഠനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റം കോവിഡ് പ്രതിസന്ധിമൂലം നീണ്ടുപോയി. ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയെങ്കിലും അത് ഫലപ്രദമായില്ലെന്ന് ആശാന്മാർ പറയുന്നു. വാട്‌സാപ്പിൽ വായ്ത്താരി അയച്ചുകൊടുക്കുകയാണ് രീതി. ഇത് കൊട്ടി ശിഷ്യന്മാർ തിരിച്ചയയ്ക്കും. ഇത് പക്ഷേ, തുടക്കക്കാർക്ക് പറ്റില്ല. കൈ പിടിച്ച് കൊട്ടിച്ചാലേ സ്വരസ്ഥാനങ്ങൾ ഉറപ്പിക്കാനാകൂ. അരങ്ങേറ്റത്തിനുശേഷം ഉപരിപഠനം നടത്തുന്നവർക്കേ ഇത് ഫലപ്രദമാകുകയുള്ളൂ. കോവിഡ് ഭീഷണി വഴിമാറി സാധാരണജീവിതം തിരിച്ചുവരുമ്പോൾ മേളക്ലാസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ആശാന്മാർ.