മൈസൂരു: നഞ്ചൻകോടിൽ മഹാദേവമ്മ ക്ഷേത്രം പൊളിച്ച സംഭവത്തിൽ വിവാദം പുകയുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ബി.ജെ.പി.ക്ക് സാധിക്കുന്നില്ലെന്ന് ആരോപിച്ച് ഹിന്ദുസംഘടന പ്രവർത്തകർ എം.പി.മാരായ പ്രതാപസിംഹ, തേജസ്വി സൂര്യ എന്നിവർക്കെതിരേ രംഗത്തുവന്നു. അതേസമയം, സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് സംഭവത്തിനു ഇടയാക്കിയതെന്ന് പ്രതാപസിംഹ പ്രതികരിച്ചു.

വ്യാഴാഴ്ച ചിക്കമംഗളൂരുവിലെ മുദ്ദിഗെരെയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തിന്‌ എത്തിയപ്പോഴായിരുന്നു പ്രതാപസിംഹയ്ക്കും തേജസ്വി സൂര്യയ്ക്കുമെതിരേ ഹിന്ദുസംഘടന പ്രവർത്തകർ പ്രതിഷേധിച്ചത്. കാർ തടഞ്ഞുനിർത്തിയ പ്രവർത്തകരെ സമാധാനിപ്പിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവത്തെച്ചൊല്ലി കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് തേജസ്വി സൂര്യ പിന്നീട് ആരോപിച്ചു. ‘ക്ഷേത്രങ്ങളെയും ഈശ്വരന്മാരെയും സംബന്ധിച്ച് കോൺഗ്രസിനുള്ള കപട ഉത്കണ്ഠയെക്കുറിച്ച് ജനങ്ങൾക്കറിയാം. ആരാണ് ടിപ്പുജയന്തി നടത്തിയതെന്നും പ്രതിമകൾ തകർത്തതെന്നും ജനം മനസ്സിലാക്കുന്നു. തേജസ്വി സൂര്യ പറഞ്ഞു.

മതപരമായ നിർമിതികളെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിധി ശരിയായവിധത്തിൽ മനസ്സിലാക്കാത്ത മൈസൂരു ജില്ലാ ഭരണകൂടമാണ് സംഭവത്തിന്‌ ഉത്തരവാദികളെന്ന് പ്രതാപസിംഹ കുറ്റപ്പെടുത്തി.

ക്ഷേത്രം പൊളിക്കാൻ ഉത്തരവിട്ട നഞ്ചൻകോട് തഹസിൽദാരുടെ നടപടി സ്വേച്ഛാധിപത്യപരമായ രീതിയിലായിരുന്നുവെന്ന്‌ പ്രതാപസിംഹ പറഞ്ഞു. സുപ്രീംകോടതി വിധി തഹസിൽദാരോ മൈസൂരുവിലെ ഉന്നത ഉദ്യോഗസ്ഥരോ മനസ്സിലാക്കിയിട്ടില്ല. അവർ വിധിയെ തെറ്റായി വ്യാഖാനിക്കുകയും ഇപ്പോൾ ബി.ജെ.പി. സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി നിർമിച്ച ക്ഷേത്രങ്ങൾ പൊളിക്കുന്നതിൽ ദ്രുതഗതിയിൽ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന്‌ നിർദ്ദേശംനൽകി. സുപ്രീംകോടതി വിധിയെക്കുറിച്ച് വിശദമായി പഠിക്കുമെന്നും മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്ത് പ്രത്യേക ഉത്തരവ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.