ബെംഗളൂരു : കർണാടകത്തിലെ ഗദകിൽ ചെന്നായയെ വേട്ടയാടി വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്നു യുവാക്കൾക്കെതിരേ വനംവകുപ്പ് കേസെടുത്തു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സോഹിഗൽ സ്വദേശികളായ യുവാക്കൾ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രണ്ടുദിവസത്തിനിടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പരിസ്ഥിതി പ്രവർത്തകർ ഇടപെട്ടതോടെ യുവാക്കൾക്കെതിരേ വനംവകുപ്പ് കേസെടുക്കുകയായിരുന്നു. ചെന്നായയുടെ പിറകേ ഓടുന്നതും വടിയും കല്ലും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊല്ലുന്നതുമാണ് ചിത്രീകരിച്ചത്. കൊന്നശേഷം ചെന്നായയെബൈക്കിൽക്കെട്ടി വലിക്കുന്നതും കാണാം. യുവാക്കളുടെ സുഹൃത്തിനെ ചെന്നായ അക്രമിച്ചതിലുള്ള പ്രതികാരമാണിതെന്നാണ് വീഡിയോയിൽ പറയുന്നത്. ആളുകളെ ചെന്നായ നിരന്തരം അക്രമിച്ചിരുന്നുവെന്നും പേവിഷബാധയുണ്ടായിരുന്നതായി സംശയമുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.

ചെന്നായകൾ കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് സോഹിഗൽ.ചെന്നായകളേയും മറ്റ് വന്യജീവികളേയും അക്രമിച്ച സംഭവങ്ങൾ ഗ്രാമത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും അധികൃതർ അറിയിച്ചു.