ബെംഗളൂരു: കോവിഡ് മഹാമാരിക്കാലത്ത് ബെംഗളൂരുവിൽ ലഹരി ഇടപാടുകൾ വർധിച്ചു. ലോക്ഡൗൺ സമയത്തുൾപ്പെടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുതിച്ചുയർന്നതായി ബെംഗളൂരു സിറ്റി പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഈവർഷം ഒക്ടോബർ ഏഴുവരെ സംസ്ഥാനത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 3337 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 4210 പേർ അറസ്റ്റിലായി. 3255 കിലോഗ്രാം ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ ഏറ്റവുംകൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്തത് 2021-ലാണ്

2019-ൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 768 കേസുകളും 2020-ൽ 2766 കേസുകളുമാണ് റിപ്പോർട്ടുചെയ്തത്. ഈവർഷം തീരാൻ രണ്ടരമാസം കൂടിയുള്ളതിനാൽ കേസുകൾ നാലായിരത്തിനടുത്തെത്താനുള്ള സാധ്യതയുണ്ട്. ഈ വർഷം ഇതുവരെ 45 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. 2018-ലും 2019-ലും പിടിച്ചതിന്റെ രണ്ടുമടങ്ങ് വരുമിതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ കമാൽ പന്ത് പറഞ്ഞു.

2019-ൽ 1053 കിലോഗ്രാം ലഹരിമരുന്നും 2020-ൽ 3912 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

കൂടുതലും കഞ്ചാവ്

ഈവർഷം പിടിച്ചെടുത്ത ലഹരിമരുന്നുകളിൽ ഭൂരിഭാഗവും കഞ്ചാവാണ്. 3255 കിലോഗ്രാം ലഹരിമരുന്നുകൾ പിടിച്ചെടുത്തതിൽ 3182.6 കിലോ ഗ്രാമും കഞ്ചാവാണ്. 2019-ൽ 1053 കിലോഗ്രാം ലഹരിമരുന്നു പിടിച്ചതിൽ 1047 കിലോഗ്രാം കഞ്ചാവായിരുന്നു. കഞ്ചാവിനുപുറമേ ഈവർഷം ബ്രൗൺ ഷുഗർ (1.60 കിലോഗ്രാം), ഒപ്പിയം (13.3 കിലോഗ്രാം), ഹാഷിഷ് ഓയിൽ (27.5 കിലോഗ്രാം), ചരസ് (5.8 കിലോഗ്രാം), കൊക്കെയ്ൻ (1.06 കിലോഗ്രാം), എം.ഡി.എം.എ. (16.6 കിലോഗ്രാം), ആംഫെറ്റാമിൻ (260 ഗ്രാം), എക്സ്റ്റസി (7597), എൽ.എസ്.ഡി. സ്ട്രിപ്‌സ് (11,204) എന്നിവയും പിടിച്ചെടുത്തു.

കോവിഡ് മഹാമാരിക്കാലം ലഹരികടത്തുകാർ അവസരമായി വിനിയോഗിക്കുകയായിരുന്നു. പോലീസുകാർ അധികവും കോവിഡ് ഡ്യൂട്ടിയിലാകുന്നതിനാൽ ലഹരിമരുന്നുകൾ കടത്തിയാൽ പിടിക്കപ്പെടില്ലെന്ന വിചാരമാണ് ഒട്ടേറെ ചെറുപ്പക്കാർ ഈരംഗത്തേക്ക് കടന്നുവരാൻ കാരണമായത്.

ലോക്ഡൗൺ കാലത്ത് അവശ്യവസ്തുക്കളെന്ന വ്യാജേനയും ലഹരിമരുന്നുകൾ കടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരു പോലീസ് ലഹരിമരുന്നുവേട്ട ശക്തമാക്കിയതും കേസുകളുടെ എണ്ണംകൂടാൻ കാരണമായി.

ഈവർഷം നഗരത്തിൽ ഒട്ടേറെ അപ്പാർട്ട്‌മെന്റുകളിലും നിശാപാർട്ടികളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

അറസ്റ്റിലായവരിൽ മലയാളികളും

ലഹരിമരുന്നുമായി അറസ്റ്റിലായവരിൽ ഒട്ടേറെ മലയാളികളും വിദേശപൗരൻമാരുമുണ്ട്. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായ മലയാളികളിൽ അധികവും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ഡാർക്ക് വെബ് വഴിയുമാണ് ബെംഗളൂരുവിൽ ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. തുടർന്ന്, കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തിവരുകയായിരുന്നു.