ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് പുതിയ തീവണ്ടി ആരംഭിക്കാനും നിലവിൽ മംഗളൂരുവഴിയുള്ള യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനും സന്നദ്ധതയറിയിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

കോഴിക്കോട് എം.പി. എം.കെ.രാഘവൻ ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോറുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനം. ബുധനാഴ്ച ഹുബ്ബള്ളിയിലെ ദക്ഷിണ-പശ്ചിമ റെയിൽവേ ആസ്ഥാനത്തായിരുന്നു ചർച്ച.

ദക്ഷിണ റെയിൽവേയുടെ അനുമതിയോടെ ശുപാർശ ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് സഞ്ജീവ് കിഷോർ അറിയിച്ചതായി എം.കെ.രാഘവൻ എം.പി. പറഞ്ഞു. ഇതിനായി ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ഇപ്പോൾ ഒരു തീവണ്ടിമാത്രമാണുള്ളത്. പാലക്കാടുവഴി പോകുന്ന കണ്ണൂർ-യശ്വന്ത്പുര എക്സ്പ്രസാണിത്. ഇത് അപര്യാപ്തമാണെന്ന് ചർച്ചയിൽ എം.പി. ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ എണ്ണത്തിൽ ഒരു ശതമാനത്തെപ്പോലും ഉൾക്കൊള്ളാൻ ഇതിനാവുന്നില്ല. ഭൂരിപക്ഷം യാത്രക്കാരും ബസുകളെയാണ് ആശ്രയിക്കുന്നത്. അതിർത്തിയിൽ രാത്രിയാത്രാനിരോധനംകൂടിയുള്ളതിനാൽ പലപ്പോഴും യാത്രക്കാർ ബുദ്ധിമുട്ടുന്നു.

മംഗളൂരുവഴിയുള്ള യശ്വന്ത്പുര-കണ്ണൂർ എക്സ്‌പ്രസ് കണ്ണൂരിലെത്തി തിരിച്ചുപോകുന്നതിനിടയിൽ ആറുമണിക്കൂറോളം നിർത്തിയിടുകയാണ്. ഈ സമയം ഫലപ്രദമായി വിനിയോഗിച്ച് തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടാമെന്ന് എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി. നിർദിഷ്ട നിലമ്പൂർ-നഞ്ചൻകോട് പാത സംസ്ഥാനസർക്കാർ മുൻകൈയെടുക്കുന്ന മുറയ്ക്ക് പരിഗണിക്കാമെന്ന് ജനറൽ മാനേജർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

യാത്രാദൂരം കുറയ്ക്കുന്നതിന് കോയമ്പത്തൂരിൽനിന്ന് ചാമരാജനഗറിലേക്ക് പുതിയ പാതയുടെ നിർദേശവും മുന്നോട്ടുവെച്ചു.

ചർച്ചയിൽ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ രാജലിംഗം ബസു, ഡെപ്യൂട്ടി ജന. മാനേജർ ആശിഷ് പാണ്ഡെ എന്നിവരും പങ്കെടുത്തു.