ബെംഗളൂരു : കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി യെലഹങ്കയിൽ 100 കിടക്കകളുള്ള താത്‌കാലിക ആശുപത്രിയുടെ നിർമാണം പൂർത്തിയായി. സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന ആശുപത്രി ശനിയാഴ്ചതോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

ആവശ്യത്തിനനുസരിച്ച് ഇളക്കിമാറ്റാൻ കഴിയുന്ന പ്രത്യേക ബോർഡ് ഉപയോഗിച്ച് 21 ദിവസം കൊണ്ടാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയായത്. ബോയിങ്ങ് ഡിഫൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെൽകോ ഫൗണ്ടേഷൻ, കെ.പി.സി.എൽ., നഗരത്തിലെ സന്നദ്ധ സംഘടനയായ ഡോക്‌ടേഴ്‌സ് ഫോർ യു എന്നിവയുടെ എന്നിവയാണ് ആശുപത്രി നിർമിച്ചത്.

10 ഐ.സി.യു. കിടക്കകൾ, 20 എച്ച്.ഡി.യു. ( ഹൈ ഡിപ്പൻഡൻസി യൂണിറ്റ്) ,ഓക്സിജൻ സിലിൻഡർ സൗകര്യമുള്ള 70 കിടക്കകൾ എന്നിവയാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയിലെ വലിയൊരു ശതമാനം ഉപകരണങ്ങളും ലൈറ്റുകളും സൗരോർജ്ജമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആവശ്യമെങ്കിൽ ആശുപത്രി പൊളിച്ചുമാറ്റി മറ്റിടങ്ങളിൽ സ്ഥാപിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.