ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് ഉപകാരപ്രദമായിരുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്‌പ്രസ് പുനരാരംഭിക്കുന്നതിൽ തീരുമാനം വൈകുന്നു. കർണാടകത്തിൽനിന്ന്‌ കേരളത്തിലേക്കുള്ള രണ്ടുതീവണ്ടി സർവീസുകൾ കഴിഞ്ഞദിവസം പുനരാരംഭിച്ചപ്പോൾ യശ്വന്ത്പുരയിൽനിന്ന്‌ പാലക്കാടുവഴി കണ്ണൂരിൽ എത്തിച്ചേരുന്ന ഈ തീവണ്ടി ഉൾപ്പെട്ടില്ല.

പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ഏറെ ആശ്രയിച്ചുവന്ന തീവണ്ടിയാണ് ഒന്നരമാസത്തോളമായി മുടങ്ങിക്കിടക്കുന്നത്.

ഏപ്രിൽ അവസാനം ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽവന്ന സമയത്താണ് ഈ തീവണ്ടി ഓട്ടംനിർത്തിയത്.

ഇതേസമയത്തുതന്നെ അന്തസ്സംസ്ഥാന ബസ് സർവീസുകളും നിലച്ചു. ഇതോടെ കേരളത്തിലേക്കുള്ള യാത്ര പൂർണമായും നിലച്ചു. കോവിഡ് വ്യാപനം കുറഞ്ഞിട്ടും ബസ് സർവീസ് എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

മൈസൂരു-കൊച്ചുവേളി എക്സ്‌പ്രസും ബെംഗളൂരു-എറണാകുളം എക്സ്‌പ്രസുമാണ് കഴിഞ്ഞ ദിവസം സർവീസ് പുനരാരംഭിച്ചത്. ഇതോടെ മധ്യകേരളത്തിലേക്കും തെക്കൻ കേരളത്തിലേക്കുമുള്ള യാത്രക്കാർക്ക് വഴി തുറന്നുകിട്ടി. പക്ഷേ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലേക്ക്‌ പോകേണ്ടവർ അനിശ്ചിത്വത്തിലാണ്.

ബസ്സോ തീവണ്ടിയോ ഓടിത്തുടങ്ങിയിട്ട് നാട്ടിലേക്കുപോകാനായി കാത്തിരിക്കുകയാണ് പലരും.

യശ്വന്ത്പുരയിൽനിന്ന് സേലം, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, വടകര വഴി കണ്ണൂരിലെത്തുന്ന തീവണ്ടിയാണിത്. കോവിഡിനുമുമ്പ് നിറയെ യാത്രക്കാരുമായാണ് ഇത് സർവീസ് നടത്തിവന്നത്.

രാത്രി എട്ടുമണിക്ക് പുറപ്പെടുന്ന തീവണ്ടി രാവിലെ പത്തുമണിയോടെ കണ്ണൂരിലെത്തും. കഴിഞ്ഞ വർഷത്തെ കോവിഡ് വ്യാപനത്തിനുശേഷം പുനരാരംഭിച്ചപ്പോൾ െസ്പഷ്യൽ സർവീസ് ആയാണ് ഓടിയത്. ഇത് യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നു.

ബെംഗളൂരൂവിൽനിന്ന് മംഗളൂരുവഴി കണ്ണൂരിലേക്ക് മറ്റൊരു എക്സ്‌പ്രസ് തീവണ്ടിയുണ്ട് (ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് ). ഇതുപക്ഷേ, കിലോമീറ്ററുകൾ ചുറ്റി പോകുന്നതായതിനാൽ കണ്ണൂരിലേക്കുള്ള യാത്രക്കാർ അധികം ആശ്രയിക്കാറില്ല.

കണ്ണൂരിലേക്കുള്ളവരിലധികവും ബസുകളെയോ യശ്വന്ത്പുര-കണ്ണൂർ എക്സ്‌പ്രസിനെയോ ആണ് ആശ്രയിക്കാറുള്ളത്.