രണ്ടു കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

ബെംഗളൂരു : ബെംഗളൂരുവിൽ മയക്കുമരുന്നു നിർമാണ യൂണിറ്റ് നടത്തിയ നൈജീരിയൻ സ്വദേശി ജോണിനെ പോലീസ് അറസ്റ്റു ചെയ്തു. പരിശോധനയിൽ രണ്ടുകോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് മാഫിയകൾ സജീവമായ ബെംഗളൂരുവിൽ ആദ്യമായാണ് നിർമാണയൂണിറ്റ് കണ്ടെത്തുന്നത്. നാലു കിലോ എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുകൾ നിർമാണ യൂണിറ്റിൽനിന്ന് പിടിച്ചെടുത്തു. ഇലക്േട്രാണിക് സിറ്റിയിലെ ബെട്ടദാസനപുരയിൽ രഹസ്യമായാണ് യൂണിറ്റ് പ്രവർത്തിച്ചത്. വിദ്യാർഥി വിസയിലാണ് പിടിയിലായ ജോൺ ബെംഗളൂരുവിലെത്തിയത്.

മെഡിക്കൽ ഷോപ്പുകളിൽനിന്ന് ശേഖരിച്ച അസംസ്‌കൃത വസ്തുക്കൾക്കൊണ്ടാണ് മയക്കുമരുന്ന് നിർമിച്ചതെന്ന് ജോയന്റ് പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. ബെംഗളൂരുവിനു പുറമെ വിദേശത്തും മയക്കുമരുന്നെത്തിച്ചിരുന്നു. ഷൂസിന്റെ അടിഭാഗത്ത് രഹസ്യ അറ നിർമിച്ചാണ് മയക്കുമരുന്ന് ആവശ്യകാർക്ക് എത്തിച്ചിരുന്നത്.

മയക്കുമരുന്നുണ്ടാക്കാനുപയോഗിച്ച അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും കണ്ടെടുത്തു. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.