ബെംഗളൂരു : വ്യാവസായിക, വിനോദസഞ്ചാര മേഖലകളുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാനനഗരങ്ങളിൽ വിമാനത്താവളങ്ങൾ നിർമിക്കാൻ സർക്കാർ പദ്ധതി.

നഗരങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി മുരുകേഷ് നിറാനി പറഞ്ഞു. വിമാനത്താവളങ്ങൾ യാഥാർഥ്യമാകുന്നതോടെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാദൂരം കുത്തനെ കുറയും. വിനോദസഞ്ചാരമേഖലയുടേയും വ്യവസായ മേഖലയുടേയും വളർച്ചയ്ക്ക് ഇത് ഏറെ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവിന് പുറമേ മറ്റു നഗരങ്ങൾക്കും വ്യാവസായിക ഭൂപടത്തിൽ സ്ഥാനം നേടിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വസ്ത്രനിർമാണം, കരകൗശലവസ്തുക്കളുടെ നിർമാണം, ഭക്ഷ്യ സംസ്‌കരണം, പട്ടുനൂൽ ഉൽപാദനം തുടങ്ങിയ മേഖലകളുടെ വികസനത്തിന് വേഗതയേറിയ ഗതാഗതസംവിധാനം ഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ. ഉത്‌പന്നങ്ങൾ കയറ്റിയയയ്ക്കുന്നതിന് മതിയായ സൗകര്യങ്ങളില്ലാത്തത് നിലവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിമാനത്താവളങ്ങൾ വരുന്നതോടെ ഉത്‌പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ കഴിയും.

വിവിധ നഗരങ്ങൾ തമ്മിലുള്ള ദൂരക്കൂടുതൽ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും വെല്ലുവിളിയാണ്. ബെംഗളൂരു, മംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളാണ് ആഭ്യന്തര വിനോദസഞ്ചാരികളും രാജ്യാന്തര വിനോദസഞ്ചാരികളും പ്രധാനമായും ഉപയോഗിക്കുന്നത്. ഹുബ്ബള്ളിയിലും മൈസൂരുവിലും ചെറുവിമാനത്താവളങ്ങളുണ്ടെങ്കിലും ഇവ ഉപയോഗിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം താരതമ്യേന കുറവാണ്. എല്ലാ പ്രധാന നഗരങ്ങളേയും ബന്ധിപ്പിച്ച് വിമാനസർവീസുകൾ തുടങ്ങുമ്പോൾ ഈ സാഹചര്യത്തിന് മാറ്റുമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.