ബെംഗളൂരു : സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ച പെൺസുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച പത്താം ക്ലാസുകാരന്റെ പേരിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു‍. ബെംഗളൂരു ജയനഗറിലാണ് 16-കാരിയായ പെൺകുട്ടി ആക്രമണത്തിനിരയായത്. സ്വയം മുറിവേൽപ്പിച്ച് ആൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ബന്ധുക്കളെത്തി ഇരുവരെയും ആശുപത്രിയിലേക്കുമാറ്റി. രണ്ടുപേരും അപകടനില തരണംചെയ്തു. ഇരുവരും ബെംഗളൂരുവിലെ സ്കൂൾ വിദ്യാർഥികളാണ്.

പെൺകുട്ടിയുടെ വീട്ടിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്ത്, സ്കൂളിലെ മറ്റു ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചോദ്യംചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ സമീപത്തുണ്ടായിരുന്ന കത്തികൊണ്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പിന്നീട് സ്വന്തം കൈത്തണ്ട മുറിച്ചു. ഇൗ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പരിഭ്രാന്തനായ ആൺകുട്ടി ബന്ധുവിനെ ഫോണിൽ വിളിച്ച് സഹായമഭ്യർഥിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കുടുംബാംഗങ്ങളെത്തിയപ്പോൾ ഇരുവരും ചോരവാർന്ന് അവശനിലയിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിയുടെ പേരിൽ പോക്സോവകുപ്പ് ചുമത്തി.