ബെംഗളൂരു : സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തീരദേശ കർണാടകയിലും വടക്കൻ ജില്ലകളിലും മഴ കനക്കും. ശനിയാഴ്ച മൈസൂരുവിൽ ശക്തമായ മഴ ലഭിച്ചു.

ബെംഗളൂരുവിൽ ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ശനിയാഴ്ചയും ശമനമുണ്ടായില്ല. വസന്ത്‌നഗർ, കോറമംഗല, ബൊമ്മനഹള്ളി, കമ്മനഹള്ളി, ജയനഗർ, ആർ.ആർ. നഗർ തുടങ്ങിയ പ്രദേശങ്ങളിൽ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മല്ലേശ്വരത്ത് റോഡിലേക്ക് മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

വടക്കൻ ജില്ലകളിൽ രണ്ടാഴ്ചയായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതിനോടകം ഒട്ടേറെ പാലങ്ങൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു.

വ്യാപകമായ കൃഷി നാശവുമുണ്ടായി. താലൂക്ക് തലത്തിൽ ഇതിന്റെ കണക്ക് ശേഖരിച്ചുവരുകയാണ്.

അതേസമയം ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഴുവൻ സമയവും ഹെൽപ്പ്‌ലൈൻ പ്രവർത്തിച്ചുവരുകയാണെന്നും ബെംഗളൂരു കോർപ്പറേഷൻ അധികൃതർ അറിയിച്ചു.