ബെംഗളൂരു : കെട്ടിടങ്ങൾ തകർന്നുവീഴുന്നത് നഗരത്തിൽ പതിവാകുന്നതിനിടെ ബിന്നി മിൽസിലെ ഏഴുനിലയുള്ള പോലീസ് ക്വാർട്ടേഴ്‌സിനും ചെരിവ് കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് കെട്ടിടം ഒന്നരയടിയോളം ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്.

ഇതോടെ താമസക്കാരെ അന്നപൂർണേശ്വരി നഗറിലെ പോലീസ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റിത്താമസിപ്പിച്ചു. കനത്തമഴയെത്തുടർന്ന് അടിത്തറയിൽ വിള്ളൽ രൂപപ്പെട്ടതാണ് കെട്ടിടം ചെരിയാനുള്ള കാരണമെന്നാണ് പ്രാഥമികനിഗമനം.

കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിങ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.പി.എച്ച്.സി.എൽ.) രണ്ടുവർഷം മുമ്പാണ് കെട്ടിടം പണി പൂർത്തിയാക്കി പോലീസിന് കൈമാറിയത്.

മുമ്പ് ചില വിള്ളലുകൾ കെട്ടിടത്തിൽ കണ്ടെത്തിയിരുന്നെങ്കിലും അപകടഭീഷണിയില്ലാതിരുന്നതിനാൽ അവഗണിക്കുകയായിരുന്നു. കെട്ടിടം ചെരിഞ്ഞ സാഹചര്യത്തിൽ കെ.എസ്.പി.എച്ച്.സി.എൽ. അധികൃതർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സിറ്റി പോലീസ് കമ്മിഷണർ കമാൽ പന്തും ക്വാർട്ടേഴ്‌സ് സന്ദർശിച്ചു.

ഒരുമാസത്തിനിടെ നഗരത്തിലെ അഞ്ചോളം കെട്ടിടങ്ങളാണ് തകർന്നത്. ഇതിൽ ആറുവർഷം പഴക്കമുള്ള കെട്ടിടംമുതൽ 40 വർഷം പഴക്കമുള്ള കെട്ടിടംവരെ ഉൾപ്പെടും. ശക്തമായ മഴയിൽ കെട്ടിടത്തിന്റെ അടിത്തട്ടിന് ബലക്ഷയം സംഭവിക്കുന്നതാണ് അപകടകാരണമാകുന്നതെന്നാണ് വിലയിരുത്തൽ.

കെട്ടിടങ്ങൾക്ക് ബലക്ഷയം

നഗരത്തിലെ 404 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടെന്ന് ബെംഗളൂരു കോർപ്പറേഷന്റെ കണ്ടെത്തൽ. കഴിഞ്ഞ 10 ദിവസങ്ങളിലായി നടന്ന കണക്കെടുപ്പിലാണ് അപകടകരമായ കെട്ടിടങ്ങൾ കണ്ടെത്തിയത്. ഇവയുടെ ഉടമകൾക്ക് കെട്ടിടം പൊളിച്ചുനീക്കാനോ ബലക്ഷയം പരിഹരിക്കാനോ നോട്ടീസ് നൽകാനാണ് കോർപ്പറേഷന്റെ തീരുമാനം. സൗത്ത് സോണിലാണ് ഏറ്റവുംകൂടുതൽ അപകടകരമായ കെട്ടിടങ്ങൾ കണ്ടെത്തിയത്. 103 എണ്ണം. വെസ്റ്റ് സോണിൽ 95 കെട്ടിടങ്ങളും അപകടകരമായ നിലയിൽ കണ്ടെത്തി. ഇതിൽപലതും അടിയന്തരമായി പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയിലാണ്. കോർപ്പറേഷന്റെ കണക്കനുസരിച്ച് 2019-ൽ 185 കെട്ടിടങ്ങൾക്കാണ് ബലക്ഷയമുണ്ടായിരുന്നത്. രണ്ടുവർഷത്തിനിടെ ഇത്തരം കെട്ടിടങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചു.