ബെംഗളൂരു : മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാനാണ് ബസവരാജ് ബൊമ്മെ ആർ.എസ്.എസിനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. എസ്.ആർ. ബൊമ്മെയ്ക്കോ ബസവരാജ് ബൊമ്മെയ്‌ക്കോ ആർ.എസ്.എസ്. വേരുകളില്ല. എന്നിട്ടും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ വേണ്ടി ബൊമ്മെ ആർ.എസ്.എസിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കാൻ ബി.എസ്. യെദ്യൂരപ്പയുമായി കൈകോർക്കുന്ന പ്രശ്നമേയില്ല. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രചരിപ്പിക്കുന്ന നുണയാണിത്. ആർ.എസ്.എസ്. പശ്ചാത്തലമുള്ള യെദ്യൂരപ്പയുമായി ഒരിക്കലും കൈകോർക്കില്ല. യെദ്യൂരപ്പയുമായി രഹസ്യയോഗം നടന്നതായി ആരെങ്കിലും തെളിയിച്ചാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തയ്യാറാണ്. മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ്‌കാരനെന്ന നിലയിൽ എനിക്ക് ഒരിക്കലും ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും വശം ചേരാൻ സാധിക്കില്ല. അവരുടേത് എന്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.