ബെംഗളൂരു : ഗ്രാമങ്ങളിൽതാമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്ന ‘ഗ്രാമ വാസ്തവ്യ’ പരിപാടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പുനരാരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതിനാലാണ് പദ്ധതി പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതാണ് ‘ഗ്രാമ വാസ്തവ്യ’ പരിപാടി. ബി.ജെ.പി. അധികാരത്തിലെത്തിയപ്പോൾ റവന്യൂ മന്ത്രി ആർ. അശോക തുടങ്ങിവെച്ച പദ്ധതി കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ചിരിക്കുകയായിരുന്നു.

ദാവണഗെരെയിലാണ് പദ്ധതി പുനരാരംഭിച്ചത്. ജില്ലാ ഭരണകൂടവും സംസ്ഥാനസർക്കാരും ചേർന്ന് പതിനായിരത്തോളം കുടുംബങ്ങൾക്ക് വിവിധ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കും. ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പയും ജി. സിദ്ധേശ്വർ എം.പി.യും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് മികച്ചപ്രതിച്ഛായ ഉണ്ടാക്കാൻ ഗ്രാമവാസ്തവ്യ പരിപാടി ഗുണംചെയ്യുമെന്നാണ് ബി.ജെ.പി.യുടെ കണക്കു കൂട്ടൽ.

മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തന്റെ ആദ്യ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ‘ഗ്രാമ വാസ്തവ്യ’ പരിപാടിക്ക് ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ചപ്രതികരണം ലഭിച്ചിരുന്നു.