ബെംഗളൂരു : ബെംഗളൂരുമലയാളികളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലേക്കുള്ള തീവണ്ടിസർവീസിന്റെ കാര്യത്തിൽ അന്തിമതീരുമാനമായി. യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ് 20-ന് ഓടിത്തുടങ്ങുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നവംബർ 30 വരെ ഉത്‌സവകാല പ്രത്യേക സർവീസായിട്ടാണ് തീവണ്ടി ഓടുക. എല്ലാദിവസവും സർവീസുണ്ടാകും. യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ്(06537) എല്ലാ ദിവസവും രാത്രി എട്ടിന് യശ്വന്തപുരയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.50-ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂർ- യശ്വന്തപുര എക്സ്പ്രസ്(06538) വൈകീട്ട് 6.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ എട്ടിന് യശ്വന്തപുരയിലെത്തും. കോവിഡിനുമുമ്പ് സർവീസ് നടത്തിയിരുന്ന യശ്വന്തപുര- കണ്ണൂർ- യശ്വന്തപുര എക്സ്പ്രസിന്റെ(16527/16528) അതേ പാതയും സമയക്രമവുമാകും പ്രത്യേക തീവണ്ടിക്കും ഉണ്ടാവുക. ഒരു എ.സി. ടൂ ടയർ കോച്ചും രണ്ട് എ.സി. ത്രീ ടയർ കോച്ചുകളും 12 സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളുമുണ്ടാകും.
മഹാനവമി, ദീപാവലി അവധിയോടനുബന്ധിച്ച് ദക്ഷിണ- പശ്ചിമ റെയിൽവേ 20-ലധികം പ്രത്യേക തീവണ്ടികളാണ് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ഇതിൽ കേരളത്തിലേക്ക് യശ്വന്തപുര- കണ്ണൂർ, ബെംഗളൂരു - കന്യാകുമാരി(ഐലൻഡ് എക്സ്പ്രസ്) എന്നിവയാണ് അനുവദിച്ചത്.