ബെംഗളൂരു : ഓക്സിജൻക്ഷാമം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് ചിക്കമംഗളൂരു ജില്ലാ ആശുപത്രിയിയിൽ നിർമിക്കുന്ന ദ്രവ ഓക്സിജൻ പ്ലാന്റിന്റെ നിർമാണപ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പ്ലാന്റ് പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ദ്രവരൂപത്തിൽ ഉത്‌പാദിപ്പിക്കുന്ന ഓക്സിജൻ വാതകരൂപത്തിലാക്കി പൈപ്പുവഴിയാണ് ആശുപത്രിയിലെ വിവിധ വാർഡുകളിലെത്തിക്കുക. 50 ലക്ഷം രൂപ ചെലവിട്ടാണ് പ്ലാന്റ് പൂർത്തിയാക്കുന്നത്.
നേരത്തേ സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ സിലിൻഡറുകൾക്കുണ്ടായ ക്ഷാമം ഏറെ ആശങ്കയുയർത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ഒരുപോലെ ഓക്സിജൻ ലഭ്യമല്ലാത്ത സാഹചര്യമാണുണ്ടായിരുന്നത്. ബെംഗളൂരുവിലെ കെ.സി. ആശുപത്രിയിലെ രോഗികളെ ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടതായും വന്നു. ഇതോടെയാണ് കഴിയാവുന്ന ആശുപത്രികളിൽ ദ്രവ ഓക്സിജൻ പ്ലാന്റുകൾ നിർമിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രികളോടുചേർന്ന് പ്രവർത്തിക്കുന്ന പ്ലാന്റുകളിൽനിന്ന് മറ്റു ആശുപത്രികളിലും ഓക്സിജൻ സിലിൻഡറെത്തിക്കാനുള്ള സംവിധാനമൊരുക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
ചിക്കമഗളൂരുവിൽ നിർമിക്കുന്ന പ്ലാന്റിൽ ഓക്സിജൻ തീർന്നാൽ രണ്ടുദിവസത്തിനുള്ളിൽ ബെംഗളൂരുവിൽനിന്നോ ബെല്ലാരിയിൽ നിന്നോ എത്തിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.