സർക്കാരിന് നോട്ടീസ്

ബെംഗളൂരു : സംസ്ഥാനത്തെ രണ്ടാംവർഷ പി.യു. വിദ്യാർഥികളെ ജയിപ്പിക്കുന്ന മാനദണ്ഡത്തിൽ വേർതിരിവ് കാട്ടുന്നതെന്തിനെന്ന് സർക്കാരിനോട് കർണാടക ഹൈക്കോടതി. വിഷയത്തിൽ 17-നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസും നൽകി. ഇത്തവണ കോവിഡ് കാരണം ഒന്നാം വർഷ പി.യു. പരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കിയാണ് രണ്ടാം വർഷ പി.യു. വിദ്യാർഥികളെ ജയിപ്പിക്കുന്നത്. എന്നാൽ, െെപ്രവറ്റ് വിദ്യാർഥികളെയും രണ്ടാമത് പരീക്ഷ എഴുതിയ വിദ്യാർഥികളെയും ഇങ്ങനെ ജയിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇതിനെതിരായ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

െെപ്രവറ്റ് വിദ്യാർഥികൾക്കും രണ്ടാമത് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും മറ്റുള്ള വിദ്യാർഥികൾക്കും വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിക്കാൻ എങ്ങനെ സാധിക്കുമെന്ന് കോടതി ചോദിച്ചു. െെപ്രവറ്റ് വിദ്യാർഥികളുടെയും രണ്ടാമത് എഴുതിയ വിദ്യാർഥികളുടെയും ആരോഗ്യകാര്യം സർക്കാർ ഗൗനിക്കുന്നില്ല. എന്നാൽ, മറ്റുവിദ്യാർഥികളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ട്. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കപ്പെടണം. അല്ലെങ്കിൽ എല്ലാവരോടും പരീക്ഷ എഴുതാൻ പറയൂ എന്നും കോടതി പറഞ്ഞു. രണ്ടാംവർഷ പി.യു. വിദ്യാർഥികളെ ജയിപ്പിക്കുന്നതു സംബന്ധിച്ച സർക്കാരിന്റെ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്ത് ഏഴു ലക്ഷം വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിക്കും. എന്നാൽ, രണ്ടാമത് പരീക്ഷ എഴുതിയതും െെപ്രവറ്റ് വിദ്യാർഥികളുമായ 95,000-ത്തോളം പേർക്ക് വീണ്ടും പരീക്ഷ എഴുതേണ്ടി വരും.